പനാജി: ഗോവയിലെ ഷിർഗാവ് ഗ്രാമത്തിൽ നടന്ന വാർഷിക ശ്രീ ലൈരായ് ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിക്കുകയും 50ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ ബിച്ചോളിമിലെ ഷിർഗാവോ ക്ഷേത്രത്തിൽ നടന്ന ജാത്രയ്‌ക്കിടെയാണ് ദാരുണ സംഭവം.
പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഗോവ, മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികൾ ക്ഷേത്രത്തിലുണ്ടായിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള അഗ്നിനടത്ത ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തർ ഘോഷയാത്രയിൽ അണിനിരന്നിരുന്നു. കത്തുന്ന കനലുകളുടെ കിടക്കയിലൂടെ ‘ധോണ്ടുകൾ’ നഗ്നപാദരായി നടക്കുന്ന ഈ ചടങ്ങിനിടെ ജനക്കൂട്ടത്തിന്റെ ഒരു ഭാഗം നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വഴിയിലെ ഒരു ചരിവിൽ ജനക്കൂട്ടം പെട്ടെന്ന് വേഗത്തിൽ നീങ്ങിയതോടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ വീഴുകയായിരുന്നു.
നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഉടൻ രക്ഷാപ്രവർത്തനത്തിനെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: