തിരുവനന്തപുരം: ആദി ശങ്കരാചാര്യരെ സ്മരിച്ചു കൊണ്ടായിരുന്നു വിഴിഞ്ഞത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ തുടക്കം. ‘കേരളത്തില്‍ നിന്നു പുറപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഠങ്ങള്‍ സ്ഥാപിച്ച് രാഷ്‌ട്രചൈതന്യം നിറയ്‌ക്കാന്‍ ശങ്കരാചാര്യര്‍ ശ്രമിച്ചു. ഈ ചരിത്ര നിമിഷത്തില്‍ അദ്ദേഹത്തിനു മുന്നില്‍ ശിരസ് നമിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
‘ആദി ശങ്കരാചാര്യരുടെ ജന്മദിനത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യവേ, മൂന്ന് വര്‍ഷം മുമ്പ് ആദി ശങ്കരാചാര്യരുടെ പവിത്രമായ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ തനിക്കു ഭാഗ്യം ലഭിച്ചത് ഓര്‍മ്മിക്കുന്നു. തന്റെ പാര്‍ലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തില്‍ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചതില്‍ സന്തോഷമുണ്ട്. ആദി ശങ്കരാചാര്യരുടെ അപാരമായ ആത്മീയ ജ്ഞാനത്തിനും ഉപദേശങ്ങള്‍ക്കും ശ്രദ്ധാഞ്ജലിയായി ഈ പ്രതിമ നിലകൊള്ളുന്നു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ധാമിലെ ദിവ്യ പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും തനിക്കു ലഭിച്ചു,’ പ്രധാനമന്ത്രി പറഞ്ഞു.
‘കേരളത്തില്‍ നിന്നുള്ള ആദി ശങ്കരാചാര്യര്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ മഠങ്ങള്‍ സ്ഥാപിച്ചു, രാജ്യത്തിന്റെ അവബോധം ഉണര്‍ത്തി. ഏകീകൃതവും ആത്മീയമായി പ്രബുദ്ധവുമായ ഭാരതത്തിന് അടിത്തറ പാകിച്ചത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണ്,’ അദ്ദേഹം വ്യക്തമാക്കി.
കേരളം എപ്പോഴും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും നാടാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സ്മരിച്ചുകൊണ്ട്, ‘കാലംചെയ്ത മാര്‍പ്പാപ്പയ്‌ക്ക് കേരളത്തിന്റെ മണ്ണില്‍നിന്ന് ഒരുക്കല്‍കൂടി ആദരാഞ്ജലി അര്‍പ്പിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകളെ വേദനയിലാഴ്‌ത്തി. വലിയൊരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഓര്‍മ്മയായത്. സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു രാഷ്‌ട്രത്തിനുവേണ്ടി ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രി ജോര്‍ജ്ജ് കുര്യനും ഒപ്പമുണ്ടായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണാന്‍ തനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. മാര്‍പ്പാപ്പയില്‍ നിന്ന് പ്രത്യേകമായ ഒരു ഊഷ്മളത അനുഭവപ്പെട്ടു. മാനവികത, സേവനം, സമാധാനം എന്നിവയെക്കുറിച്ചുള്ള അവരുടെ ചര്‍ച്ചകള്‍ ഇന്നും തനിക്കു പ്രചോദനമായിത്തീരുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: