ഇസ്‌ലാമാബാദ് ; പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ലഷ്കറെ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ വർധിപ്പിച്ച് പാകിസ്ഥാൻ. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്ന ഭീകരനാണ് ലഷ്കറെ തയിബ തലവനായ ഹാഫിസ് സയീദ്. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ലാഹോറിലെ ജനസാന്ദ്രതയുള്ള മൊഹല്ല ജോഹർ ടൗണിലുള്ള ഹാഫിസ് സയീദിന്റെ വീടിന് നാലിരട്ടി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ലാഹോറിലെ ഹാഫിസ് സയീദിന്റെ താമസസ്ഥലം നിരീക്ഷിക്കാൻ പ്രത്യേക ഡ്രോൺ സംവിധാനം സൈന്യം ഒരുക്കിയിട്ടുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാൻ സൈന്യം, ഐഎസ്‌ഐ, ലഷ്കറെ തയിബ എന്നീ സംഘടനകളുടെ സംയുക്ത സുരക്ഷാ വലയത്തിലാണ് ഹാഫിസ് സയീദ്. ഭീകരൻ താമസിക്കുന്നതിന്റെ നാലു കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ ഉയർന്ന റെസല്യൂഷനുകളിലുള്ള സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കെട്ടിടത്തിന് സമീപം പൊതുജനത്തിനു സഞ്ചരിക്കാൻ അനുവാദമില്ലെന്നും പ്രദേശത്ത് ഡ്രോണുകളുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. 2021ൽ ഹാഫിസ് സയീദിന്റെ വീടിനടുത്ത് നടന്ന കാർ ബോംബ് സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു. സ്ഫോടനത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം, ഹാഫിസ് സയീദിന്റെ അടുത്ത സഹായി അബു ഖത്തലിന്റെ കൊലപാതകത്തെത്തുടർന്ന് ഭീകരന്റെ സുരക്ഷ സൈന്യം വീണ്ടും കർശനമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: