ശ്രീനഗര്‍: ഭീകരരുമായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച, രാജ്യം ശൗര്യചക്രം നല്കി ആദരിച്ച ജമ്മുകശ്മീര്‍ പോലീസ് കോണ്‍സ്റ്റബിള്‍ മുദാസിര്‍ അഹമ്മദ് ഷെയ്ഖിന്റെ അമ്മയെ നാടുകടത്തുന്നുവെന്ന് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് ബാരാമുള്ള പോലീസ്. മുദാസിറിന്റെ അമ്മ, പാകിസ്ഥാനില്‍ ജനിച്ച ഷെമീമ അക്തറിനെ നാടുകടുത്തുന്നു എന്നാണ് കേരളത്തിലെ പ്രമുഖ പത്ര സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളിലുള്‍പ്പെടെ പ്രചരിക്കുന്ന വാര്‍ത്ത. ഇതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ത്ത തെറ്റാണെങ്കില്‍ ഓണ്‍ലൈനുകളില്‍ നിന്ന് പിന്‍വലിക്കാമെന്നറിയിച്ച് മാധ്യമ സ്ഥാപനങ്ങള്‍ രംഗത്തെത്തി.
വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബാരാമുള്ള പോലീസ് പത്രക്കുറിപ്പിലൂടെയും അറിയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ അര്‍പ്പിച്ച മുദാസിര്‍ അഹമ്മദ് ഷെയ്ഖിന്റെ ബലിദാനം ജമ്മുകശ്മീര്‍ പോലീസിനും രാജ്യത്തിനും അഭിമാനമാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും ജനങ്ങളും വിട്ടു നില്‍ക്കണം.
പൊതുഇടങ്ങളില്‍ ഒരു വിവരം പങ്കുവയ്‌ക്കുമ്പോള്‍ ജനങ്ങളും മാധ്യമങ്ങളും ഉത്തരവാദിത്തം പാലിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള വിവരങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ ശരിയാണെന്ന് പരിശോധിച്ചുറപ്പിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക പ്രസ്താവന നേടുകയും വേണമെന്ന് ബാരാമുള്ള പോലീസ് അറിയിച്ചു.
ഭീകരവിരുദ്ധ ദൗത്യത്തിനിടെ 2022 മെയിലാണ് മുദാസിര്‍ വീരമൃത്യു വരിച്ചത്. മുദാസിര്‍ അഹമ്മദ് ഷെയ്ഖിന്റെ അമ്മ ഷെമീമ പാകിസ്ഥാനിലാണ് ജനിച്ചത്. എന്നാല്‍ 45 വര്‍ഷമായി ഭാരതത്തിലാണ് താമസം. ഭാരത പാസ്‌പോര്‍ട്ട് അടക്കം ഇവര്‍ക്കുണ്ട്. പാകിസ്ഥാന്‍ വേരുകളുള്ളവരുടെ പട്ടിക പ്രാദേശിക ഭരണകൂടം തയാറാക്കിയപ്പോള്‍ അതില്‍ ഷെമീമയുടെ പേരും ഉള്‍പ്പെട്ടിരുന്നു. അതാണ് നാടുകടത്തലാക്കി വളച്ചൊടിച്ചത്.
വിഭജന സമയത്ത് ഷെമീമയുടെ അച്ഛന്‍ പാകിസ്ഥാനിലേക്ക് കുടിയേറി. പാകിസ്ഥാനില്‍ വച്ച് വിവാഹിതനായ അദ്ദേഹം ഭാര്യ മരിച്ചതോടെ മകളുമായി തിരികെ ഭാരതത്തില്‍ എത്തി സ്ഥിര താമസമാക്കുകയായിരുന്നു.zzzzzzzzzzzzzzzzzzz
പ്രതികരിക്കാൻ ഇവിടെ എഴുതുക