Health

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി

Published by

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ (വണ്‍ഹെല്‍ത്ത്) അധിഷ്ഠിതമായി ആക്ഷന്‍പ്ലാന്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ്. രോഗ പ്രതിരോധം, രോഗ നിര്‍ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. അവബോധ ക്യാമ്പയിന്‍, രോഗ നിര്‍ണയ ശേഷി വര്‍ധിപ്പിക്കല്‍, ആക്ടീവ് കേസ് സര്‍വൈലന്‍സ്, പരിസ്ഥിതി നിരീക്ഷണവും ഹോട്ട് സ്‌പോട്ട് മാപ്പിംഗും, ചികിത്സയും മരുന്ന് ലഭ്യതയും, ഗവേഷണം എന്നീ മേഖലകള്‍ അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമീബിക്ക് മസ്തിഷ്‌ക ജ്വരം തന്മാത്രാ, ജീനോമിക് രോഗനിര്‍ണയത്തിനുള്ള സംസ്ഥാനത്തെ അപെക്‌സ് സെന്ററുകളായി സംസ്ഥാന പിഎച്ച് ലാബ്, തോന്നക്കല്‍ ഐഎവി എന്നിവ പ്രവര്‍ത്തിക്കും. അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പിസിആര്‍ പരിശോധന പിഎച്ച് ലാബില്‍ ആരംഭിച്ചിട്ടുണ്ട്.
ചികിത്സയ്‌ക്കാവശ്യമായ മില്‍റ്റെഫോസിന്‍ മരുന്നിന്റെ ലഭ്യത കെ.എം.എസ്.സി.എല്‍. മുഖേന ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇപ്പോഴും അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2024ല്‍ 38 കേസുകളും 8 മരണവും 2025ല്‍ 12 കേസുകളും 5 മരണവും ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൊണ്ടാണ് അവരില്‍ ഭൂരിഭാഗം പേരേയും രക്ഷിക്കാനായത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by