Kerala

കോട്ടയത്ത് അഭിഭാഷക പിഞ്ചുകുഞ്ഞുങ്ങളുമായി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

ജിസ്‌മോളുടെയും മക്കളുടെയും മരണത്തില്‍ മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കിയിരുന്നു

Published by

കോട്ടയം:അയര്‍ക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി അഭിഭാഷക യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. മരിച്ച ജിസ്‌മോളുടെ ഭര്‍ത്താവ് നീറിക്കാട് സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി. ചോദ്യം ചെയ്യലില്‍ ആത്മഹത്യാ പ്രേരണയും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന നിര്‍ണായക ഫോണ്‍ ശബ്ദരേഖയടക്കം പൊലീസിന് കിട്ടി.

ഈ സാഹചര്യത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജിസ്‌മോളുടെയും മക്കളുടെയും മരണത്തില്‍ മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കിയിരുന്നു. ജിമ്മിയെയും തോമസിനെയും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നില്‍ അഡ്വ. ജിസ്‌മോള്‍ മക്കളായ നേഹ (5), നോറ (ഒരു വയസ്) എന്നിവരുമായി പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. വീട്ടില്‍ വെച്ച് കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം ജിസ്‌മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു.ഇതിനുശേഷം സ്‌കൂട്ടറില്‍ കടവിലെത്തി പുഴയിലേക്ക് ചാടി. നാട്ടുകാര്‍ ഇവരെ കരയ്‌ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. ജിസ്മോള്‍ മുത്തോലി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് ആണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by