കൊച്ചി: ജോലിസ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമം (പോഷ് ആക്ട് 2013) പുരുഷന്മാര്‍ക്കെതിരെയല്ല, അനീതി പരിഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ രഹത്കര്‍ പറഞ്ഞു. വിദ്വേഷം വെച്ച് സ്ത്രീകള്‍ തെറ്റായ പരാതികള്‍ നല്‍കിയാലും നടപടി സ്വീകരിക്കാന്‍ പോഷ് ആക്ട് വഴി സാധിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പോഷ് ആക്ട് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. പോഷ് ആക്ട് ലിംഗ നിഷ്പക്ഷമാണ്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പരാതിപ്പെടാനുള്ള ഇന്റേണല്‍ കമ്മിറ്റി (ഐ.സി) ലോക്കല്‍ കമ്മിറ്റി (എല്‍.സി) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്ക് പലപ്പോഴും അറിയില്ല. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് എല്‍.സിയില്‍ പരാതിപ്പെടാന്‍ സാധിക്കും.
പലപ്പോഴും എല്‍.സിയില്‍ പരാതികള്‍ ലഭിക്കാത്തതിന്റെ കാരണം ജോലിസ്ഥലത്ത് സ്ത്രീകള്‍ ചൂഷണങ്ങള്‍ നേരിടാത്തതല്ല. മറിച്ച് അത്തരം ഒരു സംഭവം ഉണ്ടായാല്‍ ഇത്തരം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി അറിവില്ലാത്തതാകാം. പരാതികള്‍ ലഭിച്ചാല്‍ പോലും പരാതിയില്‍ അന്വേഷിച്ച് മികച്ച തീരുമാനം ലഭിക്കുമെന്ന വിശ്വാസം പരാതിക്കാരന് വേണം. സ്ഥാപനമേധാവിക്ക് എതിരെയാണെങ്കില്‍ പോലും പരാതി ലഭിച്ചാല്‍ അതില്‍ കമ്മിറ്റി മെമ്പര്‍മാര്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഒരു വനിത പരാതി തന്നാല്‍ അവര്‍ക്ക് ന്യായം നല്‍കേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: