എറണാകുളം : റാപ്പര്‍ വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു.ജാമ്യപേക്ഷ മേയ് രണ്ടിന് പരിഗണിക്കും. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് 3 ന്റേതാണ് നടപടി.
തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു.കസ്റ്റഡിയില്‍ കിട്ടിയതിനെ തുടര്‍ന്ന് വൈകുന്നേരം വേടനെ അറസ്റ്റ് ചെയ്ത വൈറ്റിലയിലെ ഫ്‌ലാറ്റില്‍ എത്തിച്ച് തെളിവെടുത്തു.ബുധനാഴ്ച പുലിപ്പല്ല് മാലയില്‍ കോര്‍ത്ത് നല്‍കിയ തൃശൂര്‍ വീയ്യുരുള്ള ജ്വലറിയില്‍ തെളിവെടുപ്പ് നടത്തും.തെളിവുകള്‍ ശേഖരിക്കാന്‍ വേടനെ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
ഒരു ആരാധകന്‍ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ ഒരു ജ്വല്ലറിയില്‍ നല്‍കിയാണ് മാലയാക്കിയതെന്നാണ് വേടന്റെ മൊഴി. ഏഴു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.
രഞ്ജിത്ത് കുമ്പിടി എന്നയാളാണ് വേടന് പുലിപ്പല്ല് നല്‍കിയതെന്നാണ് സൂചന. ഇയാളുമായി ഇന്‍സ്റ്റഗ്രാം വഴിയും മറ്റും വേടന്‍ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. രഞ്ജിത്തിനെ കണ്ടെത്താനാണ് ശ്രമം.
കഞ്ചാവ് കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചെങ്കിലും വനംവകുപ്പെടുത്ത കേസില്‍ ജാമ്യമില്ലാ കുറ്റമാണ് വേടനെതിരെ ചുമത്തിയത്. വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇതിനിടെയാണ് പുലിപ്പല്ല് കോര്‍ത്ത മാലയും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: