ഭാരതത്തിന്റെ ഭൂപടം വരയ്‌ക്കുക, അതിന്റെ ഓരോ അഞ്ചുമീറ്റര്‍ അകലത്തിലും ഒരു പട്ടാളക്കാരനെ യന്ത്രത്തോക്കുമായി കാവല്‍ നിര്‍ത്തുക. അതുപോരെങ്കില്‍ ഓരോ വ്യക്തിക്കും ഒരു പട്ടാളക്കാരനെ, പോലീസുകാരനെ കാവല്‍ ഏല്‍പ്പിക്കുക. അങ്ങനെയാണ് രാജ്യത്തിന്റെ സുരക്ഷാ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. എങ്കില്‍ തെറ്റി, അതല്ല, അത് ചിത്രത്തില്‍ സാധിക്കും. ഒരു രാജ്യത്തിന്റെയും സുരക്ഷാ സംവിധാനം അങ്ങനെയല്ല. അങ്ങനെയാകാനും പറ്റില്ല. എന്നു കരുതി പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ഇപ്പറഞ്ഞത് ന്യായമാണെന്നു പറയാനും കഴിയില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ജീവിക്കാന്‍ ആവശ്യമായ സുരക്ഷ ഒരുക്കുക എന്നത് ഭരണകര്‍ത്താക്കളുടെ ഉത്തരവാദിത്വമാണ്; ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. പക്ഷേ, അതിന് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം സുരക്ഷാ കവചം എന്ന് സങ്കല്‍പ്പിക്കുന്നത് യുക്തിഭദ്രമല്ലല്ലോ.
‘രക്ഷന്തിസ്മ പരസ്പരം’ എന്നാണ്, എന്നതാവണം രീതി; തമ്മില്‍ത്തമ്മില്‍ രക്ഷിക്കല്‍. ‘ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക’ എന്ന് അപരനോട് പറയാന്‍ കഴിയുന്ന കാലം ഉണ്ടാവണം. പക്ഷേ, പലപല കാരണങ്ങളാല്‍ അതൊക്കെ നമുക്കിനി വിദൂര സ്വപ്‌നങ്ങളായിരിക്കും എന്നാണ് ഭയപ്പെടുന്നത്. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ അവനവനിലേക്ക് മാത്രമായി, എല്ലാ മേഖലയിലും നമ്മുടെ മനസ്സ് ചുരുങ്ങിപ്പോയിരിക്കുന്നു; എല്ലാത്തരത്തിലും ഇടുങ്ങിപ്പോയിരിക്കുന്നു.
പലരുടെയും ചിന്തകളെ ഇങ്ങനെ സ്വാധീനിച്ചത് ചില പാഠങ്ങളാണ്; ആ പാഠങ്ങള്‍ പഠിപ്പിച്ചവരാണ് (ടെക്സ്റ്റ് ആന്‍ഡ് ടീച്ചേഴ്‌സ്). കാരണം ചിലരുടെ ജീവിതസങ്കല്‍പ്പത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലെ അബദ്ധങ്ങളാണ്; ചിലത് വ്യാഖ്യാനിച്ചതിലും ആഖ്യാനിച്ചതിലും വന്ന പിഴവാണ്. തെറ്റ് തിരുത്തല്‍ ശക്തികളെ അവഗണിച്ചതിന്റെ ഫലമാണ്.
കശ്മീരിലെ പഹല്‍ഗാമില്‍ 2025 ഏപ്രില്‍ 22 ന് ഉണ്ടായ ഭീകരാക്രമണം രാജ്യത്ത് അവസാനത്തേതായിരിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. രാജ്യത്ത് സംഭവിച്ച ആദ്യ ഭീകരാക്രമണം എന്നായിരുന്നു എന്ന അന്വേഷണത്തിനും തര്‍ക്കമില്ലാത്ത ഉത്തരം കിട്ടില്ല.
1970 മുതല്‍ 2017 വരെയുള്ള ഒരു കണക്ക് പ്രകാരം (വിക്കിപീഡിയ) 12,202 ഭീകരാക്രമണ സംഭവങ്ങളിലായി 19,866 പേര്‍ക്ക് ജീവഹാനിയും 30,544 പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. ആരുടെയും നിത്യജീവിതത്തിന് ഇക്കാലത്ത് അനിവാര്യമായ റോഡ് യാത്രയിലെ അപകടങ്ങളില്‍ മാത്രമാണ് ഇതിനേക്കാള്‍ മരണ- പരിക്ക് നിരക്ക്! ഭീകരപ്രവര്‍ത്തനം സ്വന്തം നാട്ടിലായാലും അന്യദേശത്തായാലും അത് ‘വിസ്മയ’മാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മനസ്സുകള്‍ ഒന്നെങ്കിലും അവശേഷിക്കുംവരെ ഭീകരത അവസാനിക്കില്ല. ‘വേരറുക്കല്‍’, ‘കുലം മുടിക്കല്‍’, ‘തുടച്ചുമാറ്റല്‍’ തുടങ്ങിയ വാക്കുകള്‍ക്ക് പ്രസംഗ പീഠത്തില്‍ വിലയുണ്ടാകുമെന്നല്ലാതെ പ്രയോഗ പീഠഭൂമിയില്‍ ഫലമില്ല.
ഭീകരപ്രവര്‍ത്തനം ഒരു മനോനിലയാണ്. ഭീകരപ്രവര്‍ത്തകന്‍ വ്യക്തിയുമാണ്. ‘അതി’ന്റെയും ‘അവ’ന്റെയും അടിസ്ഥാന സങ്കല്‍പ്പം വ്യക്തിപരമായ നേട്ടമാണ്, അതിന്റെ മാര്‍ഗ്ഗം എതിര്‍പക്ഷത്തു നിര്‍ത്തുന്ന ജീവന്റെ ഏതെങ്കിലും തരത്തിലുള്ള വകവരുത്തലാണ്. അത് അപരന്റെ സമ്പത്തിന്റെ നശീകരണം എന്ന ആശയത്തില്‍ തുടങ്ങി ജീവന്റെ അപഹരണത്തില്‍ അവസാനിക്കാം. ഇവിടെയാണ് ഹിംസയും അഹിംസയും തമ്മിലുള്ള അകലത്തിന്റെ വിവേചനം ഉണ്ടാവേണ്ടത്.
ഹിംസയ്‌ക്ക് മാന്യതയും വീരത്വവും അതിനപ്പുറം വിശുദ്ധിയും നല്‍കുന്ന ചിന്താപദ്ധതികള്‍ വ്യക്തികളില്‍ ഉണ്ടാകുമ്പോള്‍ അത് മനോവിഭ്രാന്തിയും സമൂഹത്തിനുണ്ടാകുമ്പോള്‍ അത് സംഘടിത മനോവൈകൃതവുമാകുന്നത് അങ്ങനെയാണ്. അതിന് വന്‍ ജനസഞ്ചയത്തിന്റെ ആശീര്‍വാദവും അവരുടെ പിന്തുണയിലൂടെ ആധികാരികതയും കിട്ടുമ്പോള്‍ അപകടമാകും. അങ്ങനെ ഹിംസ അംഗീകരിക്കപ്പെട്ട ആചാരമാകും. ശത്രുവായി ഒരാളെ, ആശയത്തെ, ആദര്‍ശത്തെ, ആള്‍ക്കൂട്ടത്തെ കാണുന്ന സങ്കല്‍പ്പങ്ങള്‍ക്കെല്ലാം ഹിംസ അങ്ങനെ ആചാരമോ അനുഷ്ഠാനമോ ആദര്‍ശമോ ആകുന്നു. അവര്‍ ഒന്നിച്ച് നിന്ന് പക്ഷം ചേര്‍ന്ന് ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന കാലം വരുമ്പോള്‍ അപകടം അതിന്റെ പരകോടിയിലെത്തുന്നു. പരസ്പര രക്ഷയെന്ന തത്ത്വമോ, അപരനുറങ്ങാന്‍ ഞാന്‍ ഉണര്‍ന്നിരിക്കാമെന്ന ഉദാരതയോ അവിടെ ഇല്ലാതാകുന്നു.
അതായത്, ആദര്‍ശത്തോട് എതിര്‍ത്തുനില്‍ക്കുന്നവര്‍, വിശ്വാസത്തിന് എതിര്‍പക്ഷക്കാര്‍, കാഴ്ചപ്പാടിന് വിരുദ്ധര്‍ തുടങ്ങിയവരൊക്കെ അക്കൂട്ടരുടെ ശത്രുവാകുകയും അത്തരക്കാരെ ഇല്ലായ്മ ചെയ്ത് സ്വന്തം വിശ്വാസവും താല്‍പ്പര്യവും സംരക്ഷിക്കാമെന്ന് നിലപാടെടുക്കുന്ന ആ ‘വര്‍ഗ്ഗ സമര’ക്കാര്‍ക്കും ‘കാഫിര്‍’വാദക്കാര്‍ക്കും അങ്ങനെ ഹിംസ അവരുടെ വിശ്വാസമാകുന്നു, അത് അവര്‍ക്ക് ശരിയായ വഴിയുമാകുന്നു. മറിച്ച് ‘ അതും ഇതും ഞാന്‍ തന്നെ”യെന്ന പാഠവും പഠനവും പിന്തുടര്‍ന്നുപോരുന്നവര്‍ക്ക് ഹിംസ അസംബന്ധമാകുന്നു. പക്ഷേ, ഹിംസയെന്നാല്‍ പീഡനമേല്‍പ്പിക്കാതിരിക്കലോ കൊല്ലാതിരിക്കലോ അല്ല എന്നുകൂടി അവരുടെ ശരിയായ പാഠത്തിലുണ്ട്. അതാണ് ഏറെ ലളിതമായ നാട്ടുമൊഴിവഴക്കത്തില്‍ പറയാറുള്ള ചൊല്ലിന്റെ യഥാര്‍ത്ഥ സാരം: ”വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതരുത്” എന്നാണ് ആ മൊഴി. ആ ‘മഹിഷ’ത്തെ ഭയപ്പെടുത്തിയോ നോവിച്ചോ ഒഴിവാകാം, ആവുന്നില്ലെങ്കില്‍ അറ്റകൈക്ക് ദണ്ഡനം-അത് വടികൊണ്ടുള്ള അടി മാത്രമല്ല, ആയുധംകൊണ്ടുള്ള പ്രയോഗം തന്നെയാണ്, അവിടെ ഹിംസ ധര്‍മ്മ സ്ഥാപനത്തിന് ആവശ്യമല്ല. ഇതിഹാസ-പുരാണ കഥാപാത്രങ്ങളിലൂടെ പറയുന്ന ധര്‍മ്മസ്ഥാപനമാര്‍ഗ്ഗം അതാണ്. അത് വിശ്വാസത്തിന്റെയോ നിലപാടിന്റെയോ അടിസ്ഥാനത്തിലല്ല,’ നിഹനിക്ക’പ്പെടുന്നവരുടെ പ്രവൃത്തി ആധാരമാക്കിയാണ്. ‘വര്‍ഗ്ഗസമരം’ പറയുന്ന ഭൗതികവാദവും ‘വിശ്വാസ വിശുദ്ധി’ പറയുന്ന പ്രവാചക മതങ്ങളും പിന്തുടരുന്ന ഹിംസാസിദ്ധാന്തത്തില്‍ നിന്ന് അത് വ്യത്യസ്തമാകുന്നത് അങ്ങനെയാണ്.
ആദര്‍ശവും വിശ്വാസവും വ്യക്തിയെ അങ്ങനെ ആയുധധാരിയാക്കുമ്പോള്‍ വ്യക്തികള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ആ ആദര്‍ശ വിശ്വാസം പിന്തുടരുന്ന സമൂഹം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലേ? ഉണ്ട്. അപ്പോള്‍ ആ സമൂഹം വ്യക്തികളുടെ നേട്ടത്തിനും കോട്ടത്തിനും
നന്മയ്‌ക്കും- തിന്മയ്‌ക്കും ‘അവകാശി’കളായിരിക്കുന്നു. അതാണ് യുക്തി. അങ്ങനെ വരുമ്പോള്‍, ആ വ്യക്തിയുടെ ഭീകരമനസ്ഥിതിക്ക് ആധാരം ആ സമൂഹം അംഗീകരിച്ചിരിക്കുന്ന ആദര്‍ശത്തിന്റേതാകുമ്പോള്‍, ഉത്തരവാദിത്വം ആ സമൂഹം ഏറ്റെടുക്കുകതന്നെ വേണം. അങ്ങനെയാകുമ്പോള്‍ ആ കുറ്റകൃത്യങ്ങള്‍ക്ക് പൊതുശിക്ഷ (കളക്ടീവ് പണിഷ്മെന്റ്) ബാധകമാക്കണം. അത് കുറ്റവാളിയായ വ്യക്തിയുള്‍പ്പെടുന്ന വിശ്വാസി സമൂഹം അനുഭവിക്കണം. വിചിത്രമായ വാദമായി തോന്നാമെങ്കിലും ഒരുപക്ഷേ അത് ഗുണകരമാകും.
ജനാധിപത്യക്രമത്തില്‍ അതൊക്കെ സാധ്യമോ എന്ന് ചോദ്യം വരാം. ജനാധിപത്യക്രമത്തില്‍ മതാധിപത്യവും മതേതരത്വത്തിന്റെ മറവില്‍ അരാജകത്വവും വോക്കിസവും നടപ്പാക്കാന്‍ പരിശ്രമിക്കുമ്പോള്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കുള്ള നിര്‍വചനം പുതുക്കി നിശ്ചയിക്കാനുള്ള ചിന്തകള്‍ക്ക് കാലമായെന്ന് ആര്‍ക്കും തോന്നാം. ഭാരതീയ ന്യായമീമാംസ എന്ന ശിക്ഷാ നടപടിച്ചട്ട ക്രമങ്ങളുടെ പരിഷ്‌കരണത്തില്‍, ‘സാമൂഹ്യശിക്ഷ’ (സോഷ്യല്‍ പണിഷ്‌മെന്റ്) എന്നൊരു ശിക്ഷാ വ്യവസ്ഥയുണ്ട്. ചില കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനം ശിക്ഷയാക്കുന്നതാണത്. പണ്ട് സമൂഹത്തില്‍ നിലനിന്നിരുന്ന ഒരു വ്യവസ്ഥയാണ്. എന്നാല്‍, പൊതുശിക്ഷ അങ്ങനെയല്ല. ‘പൊതുമാപ്പു’ സാധുവാണെങ്കില്‍ പൊതുശിക്ഷയുമാകാമെന്നത് ഒരു യുക്തി. മുഗള്‍ഭരണകാലത്ത് ഗ്രാമങ്ങള്‍ക്കും സമൂഹത്തിനും പൊതുശിക്ഷ നടപ്പാക്കിയ ചരിത്രമുള്ളത് മറ്റൊരു സാധുത. ആധുനികകാലത്ത്, ഭരണഘടനയും ശിക്ഷാനിയമങ്ങളും അങ്ങനെയൊരു ശിക്ഷയ്‌ക്ക് സമ്മതിച്ചേക്കില്ല. പക്ഷേ, ഇപ്പോള്‍ ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇസ്ലാമിക സമൂഹം രാജ്യമെമ്പാടും അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ പൊതുശിക്ഷയാണ്. ശരിയാണ്, എല്ലാ മുസ്ലിങ്ങളും ഭീകരരോ തീവ്രവാദികളോ പോലുമല്ല. (ഭീകരവാദവും തീവ്രവാദവും മൗലികവാദവും വ്യത്യസ്തമാണ് എന്ന ബാലപാഠം പോലും ചിലര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല എന്നത് വേറൊരു ദുരന്തം) ‘കാഫിറി’നെ കൊന്ന് സ്വര്‍ഗ്ഗത്തു പോയി സുഖിക്കാമെന്ന ചിത്തഭ്രാന്ത് പിടിച്ചവരുടെ ജല്‍പനവും പ്രവൃത്തിയുംകൊണ്ട് ലോകമെമ്പാടും കളങ്കിതരായിക്കഴിഞ്ഞിരിക്കുന്ന മുസ്ലിം ജനസമൂഹം ഇന്ന് ഒരു പൊതുശിക്ഷയ്‌ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, ഒരു ജനവിഭാഗത്തെ സംശയത്തോടെ വീക്ഷിക്കാന്‍, അവിശ്വസിക്കാന്‍, അകറ്റി നിര്‍ത്താന്‍ ഇടയാക്കുന്ന മഹാദുരന്ത ദയനീയാവസ്ഥ ലോകമാകെ വളര്‍ന്നു പെരുകുകയാണ്. 24 വര്‍ഷം മുമ്പ്, ബിന്‍ ലാദന്‍ എന്ന കൊടും ഭീകരന്റെ ചെയ്തികള്‍ക്കു ശേഷം (2001 സെപ്തംബര്‍ 11) ആ രാജ്യത്ത് മുസ്ലിം മത വിശ്വാസികള്‍ക്ക് ഇനിയും സാമാന്യ സ്വീകാര്യത കിട്ടിയിട്ടില്ല എന്നോര്‍ക്കണം. പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ദുസ്സാഹസങ്ങള്‍ നമ്മുടെ വീടിന് അയലത്തെ ഇസ്ലാമിക മതവിശ്വാസിയേയും അവിശ്വസിക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള ‘പൊതുശിക്ഷ’ ഒരു സമൂഹത്തിന് വാങ്ങിക്കൊടുക്കു കയാണ് ചിലര്‍. അവരെ ഒറ്റപ്പെടുത്താന്‍, ബഹിഷ്‌കരിക്കാന്‍, ആ സമൂഹംതന്നെ തയ്യാറാകുന്ന കാലത്തു മാത്രമേ ‘പൊതുശിക്ഷ’യില്‍നിന്ന് ‘കുറ്റക്കാരന്ശിക്ഷ’ എന്ന നിലയിലേക്ക് കാര്യങ്ങള്‍ ഒതുങ്ങുകയുള്ളൂ എന്നതാണ് വസ്തുത. ബംഗ്ലാദേശില്‍ ന്യൂ
നപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ അവിടത്തെ മുസ്ലിം മതവിശ്വാസികളെല്ലാമില്ല. പാകിസ്ഥാനിലും അവിടത്തെ മുഴുവന്‍ ഇസ്ലാം വിശ്വാസികളും ഭാരതത്തിനോ ഭാരതത്തിലെ ഹിന്ദുക്കള്‍ക്കോ എതിരല്ല. ഭാരതത്തിലും സമാധാനത്തില്‍ ജീവിക്കാനാഗ്രഹിക്കുന്ന വിശ്വാസികളാണധികവും. കശ്മീരിലും പിഒകെയിലും കേരളത്തിലും ആ ചിന്താഗതിക്കാരാണധികവും. പക്ഷേ ഇപ്പോള്‍ ‘ശിക്ഷിക്ക’പ്പെടുന്നത് പാക് ജനത ഒന്നടങ്കമാണല്ലോ.
ഓരോ വ്യക്തിക്കും സുരക്ഷ ഒരുക്കാം, സമൂഹം ഒന്നടങ്കം നിശ്ചയിച്ചാല്‍ മതി. 26 പേരുടെ ജീവന്‍, അവരുടെ മതം മനസ്സിലാക്കി, തോക്കിനിരയാക്കിയ സംഭവത്തിലും രാജ്യത്ത് രാഷ്‌ട്രീയ താല്‍പര്യങ്ങളോടെയാണ് ചിലരുടെ ആദ്യ പ്രതികരണങ്ങള്‍ വന്നത്; രാഷ്‌ട്ര താല്‍പര്യത്തിലല്ല. രാജ്യവാസികളില്‍ മതന്യൂനപക്ഷത്തിലെ ഭൂരിപക്ഷ ജനതയ്‌ക്കും ആ നിലപാടല്ല എന്നു തിരിച്ചറിഞ്ഞപ്പോഴാണ്, സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോഴാണ് ” സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കുമൊപ്പം നില്‍ക്കു”മെന്ന് പല രാഷ്‌ട്രീയകക്ഷികളും പരസ്യമായി പറഞ്ഞത്. പക്ഷേ, രഹസ്യമായും പരോക്ഷമായും സര്‍ക്കാര്‍ വിരുദ്ധം മാത്രമെന്ന് തോന്നാവുന്ന രാഷ്‌ട്ര വിരുദ്ധ നിലപാടെടുത്തു, എടുക്കുന്നു. ഭീകരവാദികളുടെ മതംനോട്ടത്തിനേക്കാള്‍ ഭീതിദമാണ് ഇക്കൂട്ടരുടെ നടപടികള്‍ പലപ്പോഴും. ഭീകരപ്രവര്‍ത്തനം നടത്തുന്ന ഹമാസിനെ പിന്തുണച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരും ‘തലമറന്ന് എണ്ണ തേയ്‌ക്കുക’ യെന്ന് പറയും പോലെ തലയില്‍ പലസ്തീനിന്റെ ‘കഫിയ’ ധരിച്ച് രൂപം മാറുന്നവരും ‘കലിമ’ ചൊല്ലിച്ച് വെടിയുതിര്‍ക്കുന്നവരും സൂക്ഷ്മ പരിശോധനയില്‍ ഒരേ ലക്ഷ്യക്കാരാവുകയാണ്. നേരത്തേ പറഞ്ഞതുപോലെ എല്ലാവര്‍ക്കുമില്ല ആ മനോനില. പക്ഷേ, പൊതു ശിക്ഷ ചോദിച്ചു വാങ്ങുകയാണ് നയിക്കുന്നവരില്‍ ചിലര്‍. അവരെ ബഹിഷ്‌കരിക്കാന്‍ അതത് വിഭാഗത്തില്‍ നിന്ന് വിരുദ്ധ ചിന്തക്കാര്‍ ഉണ്ടാവുകതന്നെയാണ് ശരിയായ വഴി. ഭാരത നയവും നിലപാടും നടപടികളും ഇപ്പോള്‍ നീളുന്നത് ആ വഴിക്കാണ്.
പിന്‍കുറിപ്പ്:
ഹിന്ദു പത്രത്തിലെ ദേശവിരുദ്ധ വാര്‍ത്തകള്‍ കണ്ട് പത്രമുടമയായ ഡയറക്ടര്‍ ബോര്‍ഡംഗം പ്രതിഷേധിക്കുന്നു, നിസ്സഹായത പ്രകടിപ്പിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം മോദി ഭരണത്തില്‍ ഇല്ലാതായെന്ന ആക്ഷേപം നുണയായിരുന്നു. മുതല്‍ മുടക്കുന്ന മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കും അപ്പുറത്താണ് കാര്യങ്ങളെന്ന് വ്യക്തമാകുന്നു. വാര്‍ത്തകള്‍, വര്‍ത്തമാനങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് ചില മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നു വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക