ന്യൂഡൽഹി ; ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തി എൻസിഇആർടി . മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ അധ്യായങ്ങളും നീക്കം ചെയ്തു. മഹാ കുംഭമേളയും ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പോലുള്ള സർക്കാർ പദ്ധതികളെ പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സംസ്കാരം, പാരമ്പര്യങ്ങൾ, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയിൽ ഊന്നൽ നൽകുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP), ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCFSE) 2023 എന്നിവയ്‌ക്ക് അനുസൃതമായാണ് ഈ നീക്കം.
എൻസിആർടിയുടെ പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്നതിൽ നിന്നാണ് മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായും നീക്കം ചെയ്തത്. 2022-23 വർഷത്തിൽ കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഈ വിഷയങ്ങൾ കുറച്ചിരുന്നു, എന്നാൽ ഇപ്പോൾ അവ സിലബസിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തു . പകരം, മഗധ, മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കേന്ദ്രീകരിച്ചുള്ള പുതിയ അധ്യായങ്ങൾ ചേർത്തിട്ടുണ്ട്. പാഠപുസ്തകത്തിന്റെ ആദ്യ ഭാഗമാണിതെന്നും രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങുമെന്നും എൻസിഇആർടി അധികൃതർ പറഞ്ഞു.
‘സേക്രഡ് ജിയോഗ്രഫി’ എന്ന പേരിൽ ഒരു അദ്ധ്യായം പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളെയും മതപരമായ യാത്രകളെയും കുറിച്ച് ഇതിൽ വിവരിച്ചിരിക്കുന്നു. അതിൽ 12 ജ്യോതിർലിംഗങ്ങൾ, ചാർധാം യാത്ര, ശക്തിപീഠങ്ങൾ എന്നിവയെക്കുറിച്ച് പരാമർശിക്കുന്നു. പ്രത്യേകിച്ച് ഈ വർഷം, പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയ്‌ക്കും പാഠപുസ്തകത്തിൽ സ്ഥാനം നൽകിയിട്ടുണ്ട്. ‘മെയ്‌ക്ക് ഇൻ ഇന്ത്യ’, ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’, ‘അടൽ ടണൽ’ തുടങ്ങിയ ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന പദ്ധതികളും പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: