India

മദ്രസയിൽ നടത്തിയ പരിശോധയിൽ സത്യം പുറത്തുവന്നു ; പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ പേരുകൾ പോലും എഴുതാൻ അറിയില്ല

മദ്രസയിൽ അറബി, പേർഷ്യൻ ഭാഷകൾ ഒഴികെ മറ്റ് വിഷയങ്ങളുടെ പഠനത്തിന് ശ്രദ്ധ നൽകുന്നില്ലെന്നും ഇതുമൂലം കുട്ടികളുടെ വിദ്യാഭ്യാസ സ്ഥിതി വളരെ മോശമാണെന്നും ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ വ്യക്തമാക്കി

Published by

ലഖ്നൗ : ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയുടെ ആസ്ഥാനത്തുള്ള ഒരു മദ്രസയിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികൾ മറ്റ് ഇതര വിഷയങ്ങളിൽ ഏറെ പുറകിലെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ബാദി തകിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അംഗീകൃത മദ്രസയായ ‘ജാമിയ ഗാസിയ സൈദുള്ളം’ എന്ന സ്ഥാപനത്തിൽ ഞായറാഴ്ച അപ്രതീക്ഷിത പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം മനസിലാക്കാൻ കഴിഞ്ഞതെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ സഞ്ജയ് മിശ്ര പറഞ്ഞു.

പരിശോധനയിൽ ഒരു അധ്യാപകൻ ഹാജരായില്ലെന്ന് കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതിനുപുറമെ ക്ലാസുകളിലെ കുട്ടികളുടെ ഹാജർ, രജിസ്ട്രേഷനെക്കാൾ വളരെ കുറവാണെന്നും കണ്ടെത്തി. കൂടാതെ പത്താം ക്ലാസ് വിദ്യാർത്ഥികളോട് അവരുടെ പേരും മദ്രസയുടെ പേരും ഇംഗ്ലീഷിൽ എഴുതാൻ ആവശ്യപ്പെട്ടപ്പോൾ ഒരു വിദ്യാർത്ഥിക്കും അത് ശരിയായി എഴുതാൻ കഴിഞ്ഞില്ലെന്നും സഞ്ജയ് മിശ്ര പറഞ്ഞു.

ഇതിനു പുറമെ മദ്രസയിൽ അറബി, പേർഷ്യൻ ഭാഷകൾ ഒഴികെ മറ്റ് വിഷയങ്ങളുടെ പഠനത്തിന് ശ്രദ്ധ നൽകുന്നില്ലെന്നും ഇതുമൂലം കുട്ടികളുടെ വിദ്യാഭ്യാസ സ്ഥിതി വളരെ മോശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ അശ്രദ്ധ കാണിക്കുന്നത് അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. മദ്രസ നടത്തിപ്പുകാരനും ഹാജരാകാത്ത അധ്യാപകനും സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ നിർദ്ദേശം നൽകി നോട്ടീസ് നൽകിയിട്ടുണ്ട്.

അതേ സമയം ബഹ്‌റൈച്ച് ജില്ലയിൽ ആകെ 301 അംഗീകൃത മദ്രസകളാണുള്ളത്. അടുത്തിടെ നടത്തിയ ഒരു സർവേയിൽ 495 അംഗീകൃതമല്ലാത്ത മദ്രസകളും കണ്ടെത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by