ന്യൂദല്‍ഹി: പഹല്‍ഗാമിൽ 26 പേരെ കൂട്ടക്കൊല നടത്തിയ ഭീകരരെ ത്രാല്‍ കോക്കര്‍നാഗ് മേഖലയില്‍ ഉണ്ടെന്ന് സൂചനകള്‍ സുരക്ഷാസേനയ്‌ക്ക് കിട്ടി. നാലു സ്ഥലങ്ങളിലായിട്ടാണ് ഇവരുള്ളത്. പ്രദേശം വളഞ്ഞ ഇന്ത്യൻ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ത്രാല്‍ കോക്കര്‍നാഗ് മേഖലയില്‍ രാത്രിഭക്ഷണം തേടി ഭീകരര്‍ പ്രദേശത്തെ വീടുകളില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
പാക് സ്വദേശികളായ ഹാഷിം മൂസ എന്ന സുലൈമാന്‍, അലി ഭായ് എന്ന തല്‍ഹ ഭായ്, അനന്ത്നാഗ് ജില്ല സ്വദേശിയായ ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) തുടര്‍ച്ചയായ നാലാം രാത്രിയും പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തിയതായി സൈന്യം വ്യക്തമാക്കി. പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക