രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ മുന്‍ ജന്മഭൂമി ലേഖകന്‍ എ.ദാമോദരന്റെ ഫോണ്‍ കാള്‍ വന്നിരുന്നു. സന്തോഷവാര്‍ത്ത അറിയിച്ചു, മകളുടെ വിവാഹം നിശ്ചയിച്ചു. അതിന് നടത്തുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തണം എന്നായിരുന്നു താല്‍പ്പര്യം. അദ്ദേഹത്തെ പരിചയപ്പെട്ടതു മുതലുള്ള പരസ്പരബന്ധമോര്‍ക്കുമ്പോള്‍ നളചരിതം കഥകളിയിലെ സുന്ദര ബ്രാഹ്മണനെപ്പോലെ ”താത്പരീയം മറ്റൊന്നില്ല മേല്‍പ്പുടവയ്ക്കെടുക്കേണ”മെന്നായേനെ അവസ്ഥ. ദാമോദരന്റെ വിവാഹത്തിനുപോയതും ഓര്‍മ്മ വന്നു. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നു ക്ഷേത്രത്തിനടുത്ത് ജനസംഘത്തിന്റെ സംസ്ഥാന സമിതിയോഗം അവസാനിച്ചയുടന്‍ ഞങ്ങള്‍ ഏതാനും പേര് കണ്ണൂര്‍ക്കു വിട്ടു. കണ്ണൂരിനടുത്ത് വാരം എന്ന സ്ഥലത്തെത്തി വീട്ടിലെത്തി. വധൂവരന്മാര്ക്കു മംഗളം ആശംസിച്ചു. ഊണു കഴിച്ചു. വടക്കെ മലബാറിലെ കല്യാണ സദ്യ തെക്കരുടെ ഭാവനയ്ക്കുതക്കവിധമായിരുന്നില്ല. എനിക്കത് പരിചയമായിക്കഴിഞ്ഞിരുന്നു. അവിടെ ഓണത്തിനും വിഷുവിനുപോലും സദ്യക്ക് മാംസം അനിവാര്യമാണ്. നാരായണയ്യര്‍ക്കു അതു പ്രശ്നമായില്ല. അദ്ദേഹം ചെറുപ്പത്തില്‍ ബ്രൂണേ സുല്‍ത്താന്റെ സെക്രട്ടറിയായിരുന്നപ്പോള്‍ അതൊക്കെ ശീലിച്ചയാളായിരുന്നു. ദാമോദരന്‍ ആശംസകള്‍ അര്‍പ്പിച്ച് ഉപഹാരങ്ങള്‍ നല്കി ഞങ്ങള്‍ മടങ്ങി.
അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങളോടൊപ്പം കോഴിക്കോട്ട് ജയിലില്‍ കിടന്നയാളായിരുന്നു. ജന്മഭൂമി അടിയന്തരാവസ്ഥയ്ക്കുശേഷം ആരംഭിച്ചപ്പോള്‍ കണ്ണൂരിലെ വാര്‍ത്തകള്‍ അയയ്ക്കാന്‍ കെ. കുഞ്ഞിക്കണ്ണനെയാണ് ചുമതലപ്പെടുത്തിയത്. ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ കൊച്ചിയിലേക്കും തുടര്‍ന്നു തിരുവനന്തപുരത്തേക്കും മാറ്റി. ഔപചാരികമായി വിശ്രമിച്ചുവെങ്കിലും ഇന്ന് തിരുവനന്തപുരത്തെ ഏറ്റവും ആദരിക്കപ്പെടുന്ന പത്രപ്രവര്‍ത്തകനാണ് അദ്ദേഹം. അതുതതന്നെയാണ് ദാമോദരന്റെ കണ്ണൂരിലെ സ്ഥാനവും. കണ്ണൂര്‍ക്കാര്‍ക്ക് രാഷ്ട്രീയ, പത്രപ്രവര്‍ത്തന മേഖലകളില്‍ സഹജമായിത്തന്നെ വാസനയുണ്ടെന്നു തോന്നുന്നു. കണ്ണൂരില്‍ അദ്ദേഹം തന്റെതായ സ്ഥാനം ഉണ്ടാക്കി. സാധാരണ സ്വയംസേവകനും ജനസംഘപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹത്തിന്റെ കര്‍തൃത്വശേഷി സഹജം തന്നെയാണെന്നെനിക്കു തോന്നുന്നു.
കണ്ണൂരിലെ ജനസംഘകാര്യാലയം മാരാര്‍ജി ഭവന് നിര്‍മാണത്തിന്റെ പ്രാരംഭത്തിലും അദ്ദേഹമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സംസ്ഥാന സമിതിയോഗത്തില്‍ കണ്ണൂര്‍ നഗരമധ്യത്തിലെന്നു പറയാവുന്ന താളിക്കാവില്‍ സ്വന്തമായ സ്ഥലവും വീടും സമ്പാദിച്ചുവെന്നു ദാമോദരന്‍ അറിയിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ച് അഭിനന്ദിച്ചു. കണ്ണൂരില്‍ നടന്ന ഒരു പരിപാടിയില്‍ ഹരിയേട്ടനായിരുന്നു മുഖ്യസ്ഥാനം വഹിച്ചത്. അദ്ദേഹം തന്റെ ഒരു പഴയ പരിചയക്കാരന് ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വീട്ടിലേക്കും ഞാന്‍ എന്റെ ഒരു ബന്ധുവിന്റെ വീട്ടിലുമായിരുന്നു തങ്ങിയത്.
സുഹൃത്തുക്കള്‍ക്കു സഹായം നല്‍കുന്നതിനും ദാമോദരന്‍ കയ്യും മെയ്യും മറന്നു മുന്നിട്ടിറങ്ങി. അങ്ങനെ ഒരാളെ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തു കൊണ്ടുപോയി തിരിച്ചുവരുമ്പോള്‍ കാസര്‍കോട്ടുവച്ച്, വാഹനം അപകടപ്പെടുകയും ദാമോദരന്‍ കഠിനമായ പരിക്കേല്‍ക്കുകയുമുണ്ടായി. അന്നെനിക്ക് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ചുമതലയായിരുന്നു. അതിന്റെ ഒരു പരിപാടിക്കു കാസര്‍കോട് പോയി മടങ്ങുമ്പോള്‍ ഒരു ദിവസത്തെ ഇടവേളയെടുത്ത് കണ്ണൂരില്‍ ഇറങ്ങുകയും അവിടെ ഒരു സ്വയംസേവകനെകൂട്ടി വീട്ടില്‍ പോകുകയുമുണ്ടായി. വാരത്തെ വീട്ടില്‍നിന്നും കൂടാളിയിലുള്ള സ്വന്തം വീട്ടിലേക്കു അദ്ദേഹത്തെ മാറ്റിയിരുന്നു. മറ്റു കുടുംബാംഗങ്ങളുടെ പരിഭ്രമവും ഉദ്വേഗവും അപ്പോള്‍ മാറിയിട്ടില്ല.
കണ്ണൂര്‍ ജില്ലയിലെ വിശിഷ്ട വ്യക്തികളെ ആദരിക്കാനും ഉപഹാര സമര്‍പ്പണത്തിനുമായി ഒരു ചടങ്ങ് വര്‍ഷംതോറും നടത്തിവന്നു. അതിന്റെ പിന്നിലെ ചാലകശക്തി ദാമോദരനായിരുന്നു. തളിപ്പറമ്പിലെ കെ. കണ്ണനും തലശ്ശേരിയിലെ സി. ചന്ദ്രശേഖരനും ആ ബഹുമതിക്കര്‍ഹരായിട്ടുണ്ട്. രണ്ടുമൂന്നു തവണ അതിന്റെ ചടങ്ങുകളില്‍ സാക്ഷിയാകാന്‍ എനിക്കു കഴിഞ്ഞു.
തളിപ്പറമ്പിലെ കണ്ണേട്ടന് രോഗം കലശലായപ്പോള്‍ പോയി കാണാന്‍ വലിയ ആഗ്രഹമുണ്ടായി. കുടുംബസഹിതമാണ് അതിനു പുറപ്പെട്ടത്. കോഴിക്കോട് എന്റെ അനുജത്തിയുടെ വീട്ടില്‍ എത്തി ഞങ്ങള്‍ പുറപ്പെട്ടു. മകന് അനുവാണ് കാര്‍ ഓടിച്ചത്. അവിടെ പൂക്കോത്തു തെരുവിലെ വീട് കണ്ടുപിടിക്കാന്‍ എനിക്കാവുമായിരുന്നില്ല. ആ തെരുവിന്റെ മുഖഭാവംതന്നെ മാറിക്കഴിഞ്ഞിരുന്നു. അതിനാല്‍ കണ്ണൂരില്‍നിന്ന് ദാമോദരനെയും കൂട്ടി പുറപ്പെട്ടു. അദ്ദേഹത്തെ കണ്ടു. ഞങ്ങളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. തിരിച്ചറിഞ്ഞോ എന്നറിയില്ല. അല്പം കഴിഞ്ഞു മടങ്ങി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം അന്തരിച്ച വിവരം അറിഞ്ഞു. കണ്ണേട്ടന് സ്വന്തം ജീവിതത്തെ സ്വന്തം ഭാഷയില്‍ എഴുതിവെച്ചിരുന്നു. അതു ഭാഷ പരിഷ്കരിക്കാതെ പ്രസിദ്ധീകരിക്കണമെന്ന എന്റെ അഭിപ്രായം തളിപ്പറമ്പുകാര്‍ക്ക് സ്വീകാര്യമായില്ല. ഞാന്‍ പുസ്തകം കണ്ടിട്ടില്ല. സ്വന്തം ഭാഷയിലായിരുന്നെങ്കില്‍ കണ്ണേട്ടന് നേരിട്ട് പറയുന്ന പ്രതീതി ലഭിച്ചേനെ.
ദാമോദരന്റെ ജര്‍ണലിസ്റ്റ് കോളനിയിലെ വീട്ടില്‍ താമസിച്ചപ്പോഴാണ് മകള്‍ കൃഷ്ണപ്രിയയെ പരിചയപ്പെട്ടത്. കൃഷ്ണപ്രിയ അപ്പോള്‍ ധര്‍മടത്ത് ബ്രണ്ണന്‍ കോളജിലെ ലാ കോളജില്‍ പഠിക്കുകയായിരുന്നു. താനൊരാളേ അവിടെ എബിവിപിയായുള്ളുവെന്നും, ഭൂരിപക്ഷവും എസ്എഫ്ഐക്കാരും ഏതാനും വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസ്സുകാരുമുണ്ടെന്നും അവള് പറഞ്ഞ് ഞാന്‍ മനസ്സിലാക്കി. ”ഊരിപ്പിടിച്ച വാളുകളുടെയും കഠാരികളുടെയും ഇടയിലൂടെ നടന്ന തന്നെ പേടിപ്പിക്കാനാകില്ലെ”ന്ന പിണറായി വിജയന്റെ വീമ്പിളക്കത്തെ ഞാന്‍ അപ്പോള്‍ ഓര്‍ത്തു. ആ കുട്ടി ഒറ്റയ്ക്ക് അവര്‍ക്കിടയില്‍ പഠിച്ച് എല്‍എല്‍എം പാസായി അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചിരിക്കുന്നു. പാട്യം ഗോപാലന് പഠിക്കുന്ന കാലത്തും ഏതാനും സ്വയംസേവകര്‍ അവിടെ പഠിച്ചിരുന്നതും, എസ്എഫ്ഐക്കാരും സ്വയംസേവകരുമായി നടന്ന ആശയവിനിമയ സദസ്സില്‍ മാധവ്ജി പങ്കെടുത്തതും, തങ്ങള്‍ കൂടുതല്‍ തയ്യാറായിവരാമെന്നു പറഞ്ഞ് അവര്‍ പിന്‍വാങ്ങിയതും ഈ പംക്തികളില്‍ മുമ്പ് വിവരിച്ചിട്ടുണ്ട്.
കൃഷ്ണപ്രിയ ചെല്ലുന്നത് അഭിഭാഷകരുടെ കുടുംബത്തിലേക്കാണെന്നതും സന്തോഷകരമാകുന്നു. പള്ളിക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം മലയാള ഭാഷയുടെ രൂപഭാവങ്ങള്‍ വികസിച്ച അന്തരീക്ഷത്തിലേക്കാണ് ചേക്കേറുന്നത്. അവര്‍ക്ക് സകല ഭാവുകങ്ങളും നേരുന്നു. ഞാന്‍ കണ്ണൂരില്‍ പ്രചാരകനായി എത്തി, ആദ്യം പങ്കെടുത്ത ശാഖ പള്ളിക്കുന്നിലായിരുന്നു. മൂകാംബികയുടെ അനുഗ്രഹം കൃഷ്ണപ്രിയയ്ക്കുറപ്പായും ലഭിക്കും എന്ന് ആശംസിക്കുകയല്ലാതെ മറ്റെന്താണെനിക്കു കഴിയുക?
പ്രതികരിക്കാൻ ഇവിടെ എഴുതുക: