Kerala

പൊലീസിനെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി സുധാകരന്‍, ജഡ്ജിമാരെയും ജനങ്ങള്‍ വോട്ടു ചെയ്തു തെരഞ്ഞെടുക്കണം

രാഷ്ട്രീയക്കാര്‍ എന്തിനാണു കരയുന്നതെന്ന് ചോദിച്ച ജി സുധാകരന്‍ മൃതദേഹത്തോടു പരമാവധി ചേര്‍ന്നു നിന്നു ചിത്രം വരുത്താനാണു പല രാഷ്ട്രീയക്കാരുടെയും ശ്രമമെന്നും പറഞ്ഞു

Published by

ആലപ്പുഴ: പൊലീസിനെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപത്തിന് പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രണ്ടു പരാതി നല്‍കിയിരുന്നു. എന്നാല്‍ എന്തു നടപടി സ്വീകരിച്ചെന്നു പൊലീസ് അറിയിച്ചില്ല. അധിക്ഷേപിച്ചവര്‍ മാപ്പു പറഞ്ഞെന്നു മാത്രം പറഞ്ഞു.

എഫ്‌ഐആറോ മാപ്പു പറഞ്ഞ രേഖയോ പോലും ലഭിച്ചില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. നാലു തവണ എംഎല്‍എയായ തന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകുമെന്നും ജി സുധാകരന്‍ ചോദിച്ചു. നിയമ സഹായവേദിയുടെ ആലപ്പുഴ ജില്ലാ സമിതി രൂപീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ്‌ദ്ദേഹം.

രാജ്യത്ത് ജഡ്ജിമാരെയും ജനങ്ങള്‍ വോട്ടു ചെയ്തു തെരഞ്ഞെടുക്കണമെന്ന് ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെ തെരഞ്ഞെടുക്കാമെങ്കില്‍ അതിലേറെ അധികാരമുള്ള കോടതികളെയും തെരഞ്ഞെടുക്കാം. കോടതികളില്‍ ഒട്ടേറെ കേസുകള്‍ കെട്ടിക്കിടക്കുന്നു. സുപ്രീം കോടതി എന്തുകൊണ്ട് ഇടപെടുന്നില്ല. കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുകയോ സ്‌പെഷല്‍ കോടതികള്‍ ആരംഭിക്കുകയോ വേണം.

ഭീകരര്‍ രാജ്യത്തിനകത്തു ദീര്‍ഘകാലമായി താമസിച്ചു വന്നു കൊന്നിട്ടു പോയി. സുരക്ഷയുടെ കാര്യത്തില്‍ ചെറിയ വീഴ്ചയല്ല ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കുമ്പോള്‍ ബന്ധുക്കള്‍ കരയുന്നതു മനസിലാകും. രാഷ്‌ട്രീയക്കാര്‍ എന്തിനാണു കരയുന്നതെന്ന് ചോദിച്ച ജി സുധാകരന്‍ മൃതദേഹത്തോടു പരമാവധി ചേര്‍ന്നു നിന്നു ചിത്രം വരുത്താനാണു പല രാഷ്‌ട്രീയക്കാരുടെയും ശ്രമമെന്നും പറഞ്ഞു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by