ഇസ്ലാമാബാദ് : ഭീകരതയ്‌ക്കെതിരെ പോരാടുന്ന ലോകത്തിലെ മുൻനിര രാഷ്‌ട്രം പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . ജമ്മു കശ്മീർ ജില്ലയിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ച് അബോട്ടാബാദിലെ മിലിട്ടറി അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ് . ഇന്ത്യയിലെ ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷവും സുതാര്യവുമായ ഏത് അന്വേഷണത്തിലും പങ്കാളിയാകാൻ പാകിസ്ഥാൻ തയ്യാറാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
‘ ഭീകരതയ്‌ക്കെതിരെ പോരാടുന്ന ലോകത്തിലെ മുൻനിര രാഷ്‌ട്രമെന്ന നിലയിൽ, നമുക്ക് വലിയ നഷ്ടങ്ങൾ സംഭവിച്ചു, 90,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, സങ്കൽപ്പിക്കാനാവാത്ത സാമ്പത്തിക നഷ്ടം ഉണ്ടായി . പഹൽഗാമിലെ ദുരന്തത്തിന് പാകിസ്ഥാനെ കുറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ വീണ്ടുവിചാരമില്ലാത്ത ശ്രമം നിരുത്തരവാദപരവും അപകടകരവുമാണ്. പാകിസ്ഥാൻ ഈ ആരോപണങ്ങൾ ശക്തമായി നിരസിക്കുന്നു. നിഷ്പക്ഷവും സുതാര്യവുമായ ഏത് അന്വേഷണത്തിലും പങ്കാളിയാകാൻ തയ്യാറുമാണ്.
ഞങ്ങളുടെ ജലസ്രോതസ്സുകളിൽ വിട്ടുവീഴ്ച ചെയ്യാൻ പാകിസ്ഥാൻ ആരെയും അനുവദിക്കില്ല . സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട ജലപ്രവാഹം തടയാനോ കുറയ്‌ക്കാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമത്തിനും പൂർണ്ണ ശക്തിയോടെ മറുപടി നൽകും . സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്‌ക്കാൻ ഇന്ത്യ പഹൽഗാം ഭീകരാക്രമണത്തെ ഒരു മറയായി ഉപയോഗിക്കുകയാണ് . ഒരു തെളിവുമില്ലാതെ, ഒരു അന്വേഷണവുമില്ലാതെ പാകിസ്ഥാനെ ശിക്ഷിക്കാൻ ഇന്ത്യ നടപടികൾ സ്വീകരിക്കുന്നുവെന്നും ‘ ഷെഹ്ബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: