ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് നവമാധ്യമങ്ങളിൽ ചില ആളുകൾ അപകടകരമായ പ്രസ്താവനകൾ നടത്തുകയാണ്. ഇവരിൽ എംഎൽഎമാർ, അഭിഭാഷകർ, പത്രപ്രവർത്തകർ, ചില വിദ്യാർത്ഥികൾ എന്നിവരും ഉൾപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരക്കാർക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കുന്നുണ്ട്. ഇതുവരെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആകെ 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ട് അനുസരിച്ച് ഇവരെല്ലാം സോഷ്യൽ മീഡിയ വഴി ഈ ഭീകരാക്രമണത്തെക്കുറിച്ച് വിവാദ പരാമർശങ്ങളും ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. അതേസമയം ചിലർ ഇത് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് വിളിച്ചിരുന്നതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമായും മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, അസം, ത്രിപുര, മേഘാലയ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ വിദ്വേഷപ്രചാരകർ. ഇതിലും ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നിരിക്കുന്നത് അസമിലാണ്. എ.ഐ.ഐ.ഡി.യു.എഫ് നേതാവ് അമിനുൾ ഇസ്ലാം ഉൾപ്പെടെ 14 പേർ അസമിൽ പിടിയിലായി. കൂടാതെ മധ്യപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽ നിന്ന് 4 പേർ വീതവും, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മേഘാലയ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും അറസ്റ്റിലായി.
ഈ സാഹചര്യത്തിൽ, പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ എൻഎസ്എ നിയമപ്രകാരം നടപടിയെടുക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമായി പറഞ്ഞു. എത്ര വലിയ ആളായാലും പ്രശ്നമല്ല എന്നാണ് അദ്ദേഹം പറയുന്നത്. തെറ്റായ പ്രസ്താവനകൾ അനുവദിക്കില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു തരത്തിലുള്ള സാമ്യവുമില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി ശർമ്മ വ്യക്തമായി പറഞ്ഞു. എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒരു ദേശവിരുദ്ധ ഘടകത്തെയും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പഹൽഗാം ആക്രമണത്തിന്റെ അന്വേഷണം കേന്ദ്രസർക്കാർ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. താഴ്‌വരയിലെ സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ താഴ്‌വരയിൽ സുരക്ഷാ സേന തീവ്രവാദികളെയും അവരുടെ ഒളിത്താവളങ്ങളെയും തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക