പ്രൊഫ. പി. രവീന്ദ്രന്
കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഗുരുനാഥനായിരുന്നു എം.ജി.എസ്. നാരായണന്. സര്‍വ്വകലാശാലയുടെ അക്കാദമിക കാര്യങ്ങളില്‍ അവസാന സമയം വരെ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം ഉണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം വഴികാട്ടിയും ഗുരുവുമായിരുന്നു. അതിനപ്പുറം കേരളീയ സമൂഹത്തിന് അറിവിന്റെ നിറദീപം പകര്‍ന്നു നല്കിയ വ്യക്തി. ഊഹാപോഹങ്ങളുടെയും കഥകളുടെയും ലോകത്ത് നിന്ന് ചരിത്രത്തെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തേണ്ട സത്യാന്വേഷണമായി മാറ്റുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ ചരിത്രപഠനത്തിന്റെ ആവശ്യകതയെകുറിച്ച് അദ്ദേഹം കേരള സമൂഹത്തെ ബോധ്യപ്പെടുത്തി.
കേരളീയ ജീവിതത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് രാഷ്ട്രീയത്തിന്റെയോ മറ്റേതെങ്കിലും വിഭാഗീയതയുടെയോ സ്പര്‍ശമില്ലാതെ നിഷ്പക്ഷമായി നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിറമുള്ള നിലപാടുകളായിരുന്നില്ല അദ്ദേഹത്തിന്റേത്. ഓരോ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശനം കേരളത്തിന് വഴികാട്ടിയായി. 2007 മുതല്‍ എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സര്‍വ്വകലാശാലയിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നിലപാട് കൈക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അത് അദ്ധ്യാപകരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്നതായിരുന്നു. മയമില്ലാതെ കാര്യങ്ങള്‍ വ്യക്തമാക്കുമ്പോഴും മറ്റുള്ളവരോട് തുല്യ ബഹുമാനം പുലര്‍ത്താനും അവരെ മാനിക്കാനും വിനയപൂര്‍വ്വം പെരുമാറാനും അദ്ദേഹത്തിന് കഴിഞ്ഞു. അക്കാദമിക രംഗത്ത് പ്രത്യേകിച്ച് ചരിത്ര ഗവേഷണരംഗത്ത് വലിയ വിടവാണ് എംജിഎസ്സിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.
സ്വതന്ത്രചരിത്രകാരന്
കെ.കെ. മുഹമ്മദ് (ആര്‍ക്കിയോളജിസ്റ്റ്)
ചരിത്രകാരന്മാര് ഇടതു-വലതു ചേരികളായി നിലകൊണ്ടപ്പോള്‍ ഇരുചേരികളിലും ചേരാതെ സ്വതന്ത്ര നിലപാടെടുത്ത ചരിത്രകാരനായിരുന്നു എംജിഎസ്. അതിനുവേണ്ടി നിലകൊണ്ടതിനും ചില തീരുമാനങ്ങള്‍ എടുത്തതിനും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുത്താന്‍ ധൈര്യമുണ്ടായിരുന്ന ഭാരതത്തിലെ തന്നെ ഏക ചരിത്രകാരനായിരുന്നു എംജിഎസ്. ഇത്തരം നിലപാടെടുക്കാന്‍ ഇന്നത്തെ ചരിത്രകാരന്മാര്ക്ക് ആവുന്നില്ല. അതതുകാലഘട്ടത്തിലെ രാഷ്ട്രീയക്കാരെ അനുകൂലിക്കുന്നയാളുകളായി ചരിത്രകാരന്മാരും പുരാവസ്തു വിദഗ്ധരും മാറുമ്പോഴാണ് എംജിഎസിന്റെ മഹിമ എന്നേപ്പോലെയുളളവര്ക്ക് പ്രചോദനമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: