ഡോ. എസ്. രാജേന്ദു
(ഡയറക്ടര്‍, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഇന്ത്യന്‍ നോളജ് സിസ്റ്റംസ്, അലയന്‍സ് യൂണിവേഴ്‌സിറ്റി, ബംഗളൂരു)
‘മൈത്രി’ യിലെ അറിവിന്റെ കാലമാണ് എന്റെ ചിന്തയെ രൂപപ്പെടുത്തിയിട്ടുള്ളത്. എംജിഎസ്സിന്റെ വീടാണ് മൈത്രി. അടുത്തടുത്തായി രണ്ടു വീടാണ്. ഒന്നില്‍ താമസവും മറ്റൊന്നില്‍ പുസ്തകങ്ങളും. ഗ്രാമത്തിലെ സ്‌കൂള്‍ ടീച്ചറായിരുന്ന അമ്മയാണ് വായനയുടെ ഹരം കുട്ടിക്കാലത്തു നിറച്ചത്. പിന്നെ സമൂഹത്തില്‍ പെരുമാറേണ്ടതെങ്ങനെയെന്ന് വല്യച്ഛനും പഠിപ്പിച്ചു. ഗവേഷണസാദ്ധ്യതകളുടെ ബോധം നിറച്ചത് എംജിഎസ്സാണ്.
എംജിഎസ്. നടന്ന ഗവേഷണ വഴിയെ മുപ്പത്തിയഞ്ചു വര്‍ഷത്തിനുശേഷം നടന്നുനോക്കണമെന്ന് തോന്നിയത് അവിടെ വച്ചാണ്. എംജിഎസ് തിരുവനന്തപുരത്ത് ഗവേഷണം ചെയ്യുന്ന കാലത്ത് ഇളംകുളത്തിന്റെ അടുക്കല്‍ വന്നിരുന്നു പ്രവര്‍ത്തിച്ചിരുന്നത് അദ്ദേഹത്തിന്റെ മകള്‍ എന്നോടു പറഞ്ഞിരുന്നു. എനിക്കു പുസ്തകങ്ങളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമനുവദിക്കുമ്പോള്‍ എംജിഎസ് ഒരിക്കല്‍ പറഞ്ഞു: ‘ഞാന്‍ ഇളംകുളത്തിന്റെ അടുക്കല്‍ ഇപ്രകാരമിരുന്ന് പഠിച്ചതാണ്.
എംജിഎസ്. ഗവേഷണം ചെയ്തത് കുലശേഖരകാലത്തെ രാഷ്‌ട്രീയവും സാമൂഹികവുമായ ഭരണസ്ഥിതിയാണ്. അതിനായി അദ്ദേഹം നൂറ്റിയമ്പത് ലിഖിതങ്ങള്‍ ഉപയോഗപ്പെടുത്തി. ഇളംകുളം തെക്കന്‍ തിരുവിതാംകൂറില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ എംജിഎസ് ലിഖിതങ്ങള്‍ തേടി കാസര്‍ക്കോടുമുതല്‍ തെക്കോട്ടു കേരളത്തിലുടനീളം നടന്നു.
അദ്ദേഹം വായിച്ചെടുത്ത ലിഖിതങ്ങളില്‍ മുപ്പതുശതമാനത്തോളം ലിഖിതങ്ങള്‍ ഇല്ലാതാവുകയോ ചായംതേച്ച് വികൃമാക്കുകയോ എങ്ങോട്ടെന്നില്ലാതെ മാറ്റപ്പെടുകയോ ചെയ്തുവെന്ന് ഞാന്‍ മനസ്സിലാക്കി. ഏറ്റവും സങ്കടകരമായത് തൃക്കാക്കരയിലേതായിരുന്നു. ഏറ്റവുമധികം ചേരകാല ലിഖിതങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ തൃക്കാക്കരയില്‍ നാമമാത്രമായ ലിഖിതങ്ങളെ ഇന്നു വായനാക്ഷമമായുള്ളൂ.
ചിലയിടങ്ങളില്‍ ആളുകള്‍ ചെരുപ്പുവയ്‌ക്കാന്‍ ലിഖിതങ്ങളെഴുതിയ കല്ലുകള്‍ ഉപയോഗിക്കുന്നതായി കണ്ടു. രായിരനല്ലൂരില്‍ കിണറ്റിന്‍ കരയില്‍ പാത്രംമോറാന്‍ കൊട്ടത്തളമായി ഉപയോഗിച്ചത് നാലഞ്ചുപേരുടെ സഹായത്തോടെ മാറ്റിവയ്‌ക്കാന്‍ സാധിച്ചു. കയിലിയാട്ട് തൃക്കോവിലില്‍ കൊട്ടത്തളം സിമന്റിട്ടുറപ്പിച്ചിരുന്നതുകൊണ്ട് കല്ല് മാറ്റി സംരക്ഷിക്കാന്‍ സാധിച്ചില്ല. ക്ഷേത്രത്തിന് അകത്തുണ്ടായിരുന്ന ചോക്കൂര്‍ ലിഖിതം പുറത്ത് മാറ്റിയിട്ടിരിക്കുന്നതു കണ്ടു. നെടുമ്പുറം തളിയിലെ ആറു ലിഖിതങ്ങള്‍ക്കും പരിക്കൊന്നുമുണ്ടായിരുന്നില്ല.
എംജിഎസ് തൃശ്ശൂരിലുണ്ടെന്നു രേഖപ്പെടുത്തിയ ആലത്തൂര്‍ ലിഖിതം കൃഷ്ണപുരത്തു വെച്ചിരിക്കുന്നു. പൂതാടി താഴേക്കാവ് ലിഖിതം ഇപ്പോള്‍ തൃപ്പൂണിത്തുറയിലുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്രമ്യൂസിയം സ്ഥാപിച്ചശേഷം എം.ജി.എസ്. അവിടെ ശേഖരിച്ച പെരിഞ്ചല്ലൂര്‍ ചെപ്പേട് ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഉള്ളതെന്ന് പ്രൊഫ. കേശവന്‍ വെളുത്താട്ട് പത്രത്തില്‍ എഴുതി. ഗോപിനാഥറാവു കണ്ട തിരുനെല്ലി ചെപ്പേടുകളും, വാഴപ്പള്ളിയും എംജിഎസും കണ്ടിരുന്നില്ല. അവയ്‌ക്ക് എന്തു സംഭവിച്ചുവെന്ന് എത്ര അന്വേഷിച്ചിട്ടും മനസ്സിലായില്ല. ഇന്ത്യനൂര്‍ ക്ഷേത്രലിഖിതങ്ങളുടെ കോപ്പികള്‍ ലഭിക്കാന്‍ വളരെ ശ്രമിക്കേണ്ടിവന്നു.
തികച്ചും ഗുരുകുല രീതിയില്‍ പഠിക്കേണ്ട ഒരു വിഷയമാണിത് എന്നു മനസ്സിലായത് അപ്പോഴാണ്. വായനയില്‍ തെറ്റുമ്പോള്‍ മാത്രം എം.ജി.എസ്. ശ്രദ്ധിക്കും. പദം മുറിക്കേണ്ടതു പറയും. അദ്ദേഹം എടുത്തുതന്ന തിരുവിതാംകൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസിന്റെ ആദ്യവാള്യമാണ് എന്റെ എന്നത്തെയും നിഘണ്ടു.
അക്കാലത്ത് ഒരു ലിഖിതത്തില്‍ കറുത്ത ചായം തേച്ച് എസ്റ്റംപേജ് എടുക്കാന്‍ സാധിക്കാതെ വന്നിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യയിലെ കെമിസ്റ്റ് ഇത് പരിശോധിച്ചു. ‘ഈ കട്ടിച്ചായം ഇളക്കേണ്ട’ -കെമിസ്റ്റ് പറഞ്ഞു. അക്ഷരങ്ങള്‍ കൊത്തിയതിന് ഒരു മില്ലീമീറ്റര്‍ താഴ്ചപോലുമില്ല. ‘ചായം ഇളക്കാന്‍ കെമിക്കല്‍ ഉപയോഗിക്കുമ്പോള്‍ കല്ല് അടര്‍ന്നേക്കാം. അതിനാല്‍ അത് അങ്ങനെ ഇരുന്നോട്ടെ.’
ഇക്കാര്യം ഞാന്‍ എം.ജി.എസ്സിനോടു പറഞ്ഞു. തന്റെ ഗവേഷണക്കാലത്ത് ചായം അടിച്ചിരുന്നില്ലെന്നും അതിനാല്‍ അതിന്റെ കോപ്പിയെടുക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘ആ കോപ്പി എവിടെയാണ്?’ – ഞാന്‍ ചോദിച്ചു. ‘അത് യൂണിവേഴ്സിറ്റിയില്‍ നിന്ന് റിട്ടയര്‍ ചെയ്യുമ്പോള്‍ അവിടെ സൂക്ഷിക്കാനേല്‍പ്പിച്ചിരുന്നു.’
എം.ജി.എസ്സിന്റെ ഗവേഷണവിഷയമായ ചേരപ്പെരുമാക്കളുടെ കാലത്തെക്കുറിച്ച് ‘പെരുമാക്കള്‍ കേരളം ഭരിച്ചിട്ടില്ല’ എന്നൊരു വ്യക്തി എഴുതി. ‘അപ്പോള്‍ ഈ പത്തുനൂറ്റമ്പതു ലിഖിതങ്ങള്‍ എവിടെ കൊണ്ടു പോയിവെക്കും’ -ഞാന്‍ അമ്പരന്നു. അതേക്കുറിച്ച് എം.ജി.എസ്സ്. ഇത്രയേ പറഞ്ഞുള്ളൂ: ‘കണ്ണുണ്ടായാല്‍ പോരാ, കാണാന്‍ പഠിക്കണം.’
എഴുതിയശേഷം ‘ഇതു പ്രസിദ്ധീകരണയോഗ്യമാണോ’ എന്നു ചോദിക്കും. അപ്പോള്‍ ‘കൊടുത്തു നോക്കൂ, ആളുകള്‍ വായിക്കുമ്പോഴറിയാം’ എന്നു പറയും. നന്നായി എന്നൊരിക്കലും പറയില്ല. എങ്കിലും പുസ്തകമോ ലേഖനമോ പ്രസിദ്ധീകരിക്കപ്പെട്ടശേഷം നമ്മുടെ അസാന്നിദ്ധ്യത്തില്‍ ആളുകളോട് അന്വേഷിക്കും. മുഖഭാവത്തില്‍നിന്നു മനസ്സിലാക്കണം നന്നായോ എന്ന്.
അര്‍ത്ഥശാസ്ത്രത്തെക്കുറിച്ചു മുമ്പ് എഴുതിയ ആംഗലേയ ലേഖനത്തിന് അദ്ദേഹം തന്നെ തയ്യാറാക്കിയ ഒരു മലയാള തര്‍ജ്ജമ അച്യുതനുണ്ണിമാഷെ ഏല്പിച്ചു. എം.ജി.എസ്. പറഞ്ഞുതരുന്നതിനനുസരിച്ച് റഫറന്‍സുകളും പേജുകളും നോക്കി അനുബന്ധങ്ങള്‍ ചേര്‍ക്കുന്ന പണിയുണ്ട്. അങ്ങനെയാണ് ശാമശാസ്ത്രി തൊട്ട് കെ.എന്‍. എഴുത്തച്ഛന്‍ അടക്കം അര്‍ത്ഥശാസ്ത്രത്തിനുണ്ടായ പതിപ്പുകളെ വായിക്കാനും അവ പറഞ്ഞുതരാനും അവസരം സിദ്ധിച്ചത്. അതിനു തുടര്‍ച്ചയായി 2025 ഏപ്രിലില്‍ ബെംഗളൂരിലെ അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ വെച്ച് ശാമശാസ്ത്രിയുടെ ആദ്യപതിപ്പിന്റെ 101-ാം വാര്‍ഷികം ആഘോഷിക്കാനും യാജ്ഞവല്‍ക്യസ്മൃതിയെയും മിതാക്ഷരയെയും ബാലംഭട്ടിയെയും അടിസ്ഥാനമാക്കി ആറു പ്രബന്ധങ്ങള്‍ ചേര്‍ന്ന ഒരു സെമിനാര്‍ നടത്താനും സാധിച്ചു. അതിനുമുമ്പ് കോവിഡ് കാലത്ത് ഇലത്തൂര്‍ രാമസ്വാമിശാസ്ത്രികളുടെ ഗ്രന്ഥത്തെയും ആറ്റുകാല്‍ ശങ്കരപ്പിള്ളയുടെ ആദ്യ ഹിന്ദു ലോ മലയാള വ്യാഖ്യാനത്തെയും പ്രൊഫ. ഡൊണാള്‍ഡ് ആര്‍. ഡേവിസിന്റെ പഠനത്തെയും അടിസ്ഥാനമാക്കി കേരളത്തിലെ നീതിശാസ്ത്രങ്ങളെക്കുറിച്ച് ഒരു ചെറിയ പുസ്തകം പ്രസിദ്ധീകരിക്കാനും സാധിച്ചിരുന്നു. അര്‍ത്ഥശാസ്ത്രബോധമില്ലാതെ കേരളത്തിലെ ലിഖിതപഠനം സാദ്ധ്യമല്ല എന്നു പറഞ്ഞുതന്നത് എം.ജി.എസ്സാണ്.
പ്രൊഫ. കെ.എന്‍. എഴുത്തച്ഛന്റെ പാണ്ഡിത്യത്തെ വലിയ ആദരവായിരുന്നു എം.ജി.എസ്സിന്. എഴുത്തച്ഛന്‍ മാസ്റ്ററുടെ ഇലയും വേരും തുടങ്ങിയ ആദ്യ കൃതികളൊക്കെ ഞാന്‍ വായിക്കുന്നത് അവിടെ നിന്നാണ്. മാസ്റ്ററുടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കാലത്തെക്കുറിച്ച് എം.ജി.എസ്സ്. പറഞ്ഞുതരും. എന്റെ നാട്ടില്‍ ചെറുപ്പുള്ളശ്ശേരി അയ്യപ്പന്‍ കാവിനു സമീപമായിരുന്നു കുടിയിരിക്കല്‍ തറവാട്. ഒരു ദിവസം പാലക്കാട്ട് എടത്തിലച്ചന്മാരെക്കുറിച്ച് ചര്‍ച്ചയുണ്ടായി. എഴുത്തച്ഛന്‍ മാസ്റ്റര്‍ പണ്ട് അതെക്കുറിച്ച് പറഞ്ഞത് എനിക്കു പറഞ്ഞുതന്നു. തുടര്‍ന്ന് വര്‍ഷം പലതു കഴിഞ്ഞ് 2016-ല്‍ ആറു പ്രധാന രേഖകള്‍ ഉള്‍ച്ചേര്‍ത്ത് ‘1766-മൈസൂര്‍ പടയോട്ടത്തിന്റെ 250 വര്‍ഷങ്ങള്‍’ എന്ന പുസ്തകം എഴുതിയത് ചാത്തനാത്ത് അച്യുതനുണ്ണി മാസ്റ്റര്‍ പ്രസിദ്ധീകരിച്ചു.
വായന ഊര്‍ജ്ജസ്വലമായ കാലത്താണ് ഒരു പിഎച്ച്ഡി ഇല്ലെങ്കില്‍ ആരും അംഗീകരിക്കില്ല എന്നു എം.ജി.എസ്. ഓര്‍മ്മിപ്പിച്ചത്. വിദേശത്ത് പ്രൊഫ. ഡൊണാള്‍ഡ് ആര്‍. ഡേവിസിനു കീഴില്‍ ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പ് ലഭിച്ച് ടെക്‌സസ് സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്താന്‍ കഴിഞ്ഞത് എം. ജി.എസ്. പറഞ്ഞുതന്ന അറിവുകള്‍ കാരണമാണ്. തമിഴ് യൂണിവേഴ്സിറ്റിയില്‍ ഡോ.വി. ശെല്‍വകുമാറിനു കീഴില്‍ ഗവേഷണം പൂര്‍ത്തീകരിച്ചു. പ്രൊഫ. വൈ. സുബ്ബരായലു, പ്രൊഫ. രാജവേലു തുടങ്ങിയ പണ്ഡിതരുടെ മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ടായി. തമിഴകത്തിന്റെ മഹത്തായ പാരമ്പര്യം മലനാടിനെയും ഇവിടത്തെ ഭാഷയെയും സമൂഹത്തെയും ഉള്ള കാഴ്ചരൂപീകരിക്കാന്‍ സഹായകമായിട്ടുണ്ട്.
വിദേശത്തു പഠിക്കാന്‍ പോകുമ്പോള്‍ ഒരാഗ്രഹം അവിടത്തെ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുക എന്നതായിരുന്നു. ഇവിടെനിന്ന് നഷ്ടപ്പെട്ടുപോയ ചെപ്പേടുകള്‍ ഏതെങ്കിലും കണ്ടെത്താനാവുമോ എന്നന്വേഷിച്ചു. ന്യൂയോര്‍ക്കിലെ ദി മെറ്റിലും മറ്റനേകം ബൃഹദ് മ്യൂസിയങ്ങളിലും കയറിയിറങ്ങി. നിരാശയായിരുന്നു ഫലം.
വിദേശ സര്‍വ്വകലാശാലകളില്‍ തെക്കു-കിഴക്കന്‍ ഏഷ്യയെക്കുറിച്ചുള്ള പഠനവകുപ്പില്‍ ഇന്ത്യാ പഠനവിഭാഗത്തില്‍ രണ്ടു വിഭാഗമായാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഒന്ന് തമിഴും മറ്റു ദ്രാവിഡഭാഷകളും. രണ്ട് സംസ്‌കൃതവും ഇന്തോ ആര്യന്‍ വകഭേദങ്ങളും. അവിടെ ഒരേ പണ്ഡിതന്‍ തന്നെ പല വിഷയങ്ങളും കൈകാര്യംചെയ്യും. പ്രൊഫ. ഡോണ്‍ ഡേവിസ് ഇത്തരം ഒരു ബഹുഭാഷാ പണ്ഡിതനാണ്. അദ്ദേഹം എം.ജി.എസ്സിന്റെ ശിഷ്യനാണെന്ന് അഭിമാനിക്കുന്നു.
എം.ജി.എസ്സിനു മുമ്പിലിരുന്നു പഠിച്ചവരോ ഏതെങ്കിലും തരത്തില്‍ അവരില്‍നിന്നു അറിവുനേടിയവരോ അല്ലാത്തതായ ഒരു ഗവേഷകനും ഇന്ന് പ്രാചീന-മദ്ധ്യകാല കേരളചരിത്രത്തില്‍ ഇല്ല എന്നതാണ് സത്യം. ഇളംകുളം തുടങ്ങിവെച്ച കേരളചരിത്രപഠനം കൂടുതല്‍ സമഗ്രമായി, പ്രായോഗികമായ ആശയങ്ങളെ ഉള്‍ക്കൊണ്ട് എം.ജി.എസ്. മുന്നോട്ടുകൊണ്ടുപോയി എന്നതാണ് സത്യം. മൈത്രി ഒരു സര്‍വ്വകലാശാലയായിരുന്നു. അവിടെ പ്രൊഫ. കരാഷിമയും, പ്രൊഫ. ഷുള്‍മാനും, പ്രൊഫ. വൈ. സുബ്ബരായലുവും മറ്റനേകം പ്രമുഖരും വന്നിരിക്കുന്നത് കണ്ടിട്ടുണ്ട്.
‘ആരെയും ഭയപ്പെടാതെ തനിക്കു ശരിയെന്നു തോന്നുന്നതു എഴുതുകയും ആശയങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുക’എം.ജി.എസ്. പറയും. ‘ചില സ്ഥാനമാനങ്ങള്‍ കിട്ടില്ല എന്നെയുള്ളു. അതു സാരമില്ല.’ ഇത്തരം ആശയം ഉണ്ടായിരുന്നതുകൊണ്ടുതന്നെ ഒരു ദേശീയ പുരസ്‌കാരത്തിനും അദ്ദേഹത്തിന്റെ പേര്‍ നിര്‍ദ്ദേശിക്കപ്പെട്ടുമില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ജീവിതത്തിലുടനീളം ഒരു ഗവേഷകനായിരുന്നു. രാഷ്‌ട്രീയ പരാമര്‍ശങ്ങളും മറ്റും ചിലരെ ചൊടിപ്പിക്കാനുള്ള ചില നേരമ്പോക്കുകള്‍ മാത്രമാണെന്നും കരുതിയിട്ടുണ്ട്.
തന്നെ കാണാനായി പൂമുഖത്തു വരുന്ന ആളുകള്‍ക്ക് സംശയനിവൃത്തിവരുത്താന്‍ കോഴിക്കോട്ട് ഒരു ആസ്ഥാനം വേണമെന്ന് എം.ജി.എസ് ഒരിക്കല്‍ പറയുകയുണ്ടായി. എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷനും ബന്ധുക്കളും അതിനു താല്പര്യമെടുക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: