ആരായിരുന്നു മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന എംജിഎസ് നാരായണന്‍. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പ്രധാനം.അദ്ദേഹത്തിന്റെ കേരള ചരിത്ര ഗവേഷണത്തിലൂടെ കേരള ചരിത്രത്തെ ശക്തമായ ഋുശഴൃമുവ്യ (പുരാശിലാലിഖിതം) യുടെ അടിസ്ഥാനത്തില്‍ പൊളിച്ചെഴുതി. എല്ലാ ചരിത്ര രേഖകളും ഉപയോഗപ്പെടുത്തി അതിനെ വിപുലീകരിച്ചു. അങ്ങനെ കേരളചരിത്രത്തെ ഒരു ഉറച്ച അടിത്തറയിലാക്കിയെന്നതാണ് എംജിഎസ്സിന്റെ പ്രാധാന്യം. പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഈ പ്രബന്ധമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഇതിന് പുറമെ നിരവധി പുസ്തകങ്ങളും പഠനസമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം വെറുമൊരു അക്കാദമിക പണ്ഡിതന്‍ മാത്രമായിരുന്നില്ല. സമകാലീന ചരിത്ര രാഷ്‌ട്രീയ സംവാദങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു. അവയിലേറ്റവും എടുത്തു പറയാവുന്നതാണ് ബാബറി മസ്ജിദ് – രാമജന്മഭൂമി തര്‍ക്കം. ഈ തര്‍ക്കത്തിലിടപെട്ട് അന്നത്തെ ഐസിഎച്ച് ആര്‍ ചെയര്‍മാനായിരുന്ന ഇര്‍ഫാന്‍ ഹബീബ് ഐസിഎച്ച്ആര്‍ വേദികളെ ഇതിന് ഉപയോഗപ്പെടുത്തി. ഈ അവസരത്തില്‍ എംജിഎസ് പ്രതിഷേധവുമായി രംഗത്ത് വരികയും ഇര്‍ഫാന്റെ ചെയ്തികളെ തുറന്നു കാട്ടുകയും ചെയ്തു.
അടുത്ത കാലത്തായി കേരളമൊട്ടാകെ ചര്‍ച്ച ചെയ്ത ഒരു ചെറു പുസ്തകമായിരുന്നു കേരള ചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍ എന്ന സമാഹാരം. മാതൃഭൂമി ആഴ്ചപതിപ്പിലേക്ക് പ്രസിദ്ധീകരണത്തിനായി ഈ ലേഖനങ്ങള്‍ അയച്ചെങ്കിലും അവര്‍ അത് തിരസ്‌ക്കരിച്ചു. തുടര്‍ന്ന് ശാന്തം എന്ന മാസികയാണ് ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതോടെ ശാന്തം മാസിക പ്രസിദ്ധമായി. ലേഖനങ്ങളുടെ സമകാലീന പ്രാധാന്യം കണക്കിലെടുത്ത് ഡിസി ബുക്ക്‌സ് അത് പുസ്തകമായി പുറത്തിറക്കി. അവയുടെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങി. ഈ ലേഖന സമാഹാരത്തിന്റെ ഉള്ളടക്കത്തില്‍ പ്രധാനമായത് പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിലാലിഖിതത്തെക്കുറിച്ചുള്ള പഠനമാണ്. പഴയ ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഒരു ശ്രീരാമക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ അവിടെ ഉള്ളതായി കണ്ടെത്തി. ഇന്നും ഈ വസ്തുത പലര്‍ക്കും അറിയില്ല. മറ്റൊരു ലേഖനത്തില്‍ ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര പോരാളിയായിരുന്നുവെന്ന കെട്ടുകഥയെ എംജിഎസ് ചോദ്യം ചെയ്യുന്നു. 1921 ലെ മാപ്പിള ലഹള കാര്‍ഷിക ലഹളയായിരുന്നു എന്ന ഇഎംഎസ് തുടങ്ങിയവരുടെ പ്രചാരണങ്ങളും എംജിഎസ്സിലെ ചരിത്രകാരന്‍ ഈ പുസ്തകത്തില്‍ ചോദ്യം ചെയ്യുന്നു. ജനാധിപത്യവും കമ്മ്യൂണിസവും എന്ന ലേഖനം 2004 ല്‍ പ്രസിദ്ധീകരിച്ചതാണ്. ഇഎംഎസ്സിന്റെ ഗാന്ധി പ്രണയം എന്ന ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്.
1997 ലെഴുതിയ ഈ ലേഖനം ഗാന്ധിജിയെ കുറേക്കൂടി ഭാവാത്മകമായി വിലയിരുത്തിയിരുന്ന ഇഎംഎസ്സിന്റെ ലേഖനത്തെ ചോദ്യം ചെയ്യുന്നു. ഈ ലേഖനത്തിന് ആധാരമായ ചരിത്രവസ്തുതകള്‍ ഞാനാണ് എംജിഎസ്സിന് നല്‍കിയിരുന്നത്. കാരണം 1988 – 92 കാലത്ത് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തിയിരുന്ന കാലത്ത്. അദ്ദേഹം അവിടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. പിന്നീട് അദ്ദേഹം ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറിയായിരുന്നപ്പോഴും ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു. എന്റെ ഗവേഷണത്തില്‍ സജീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ഗവേഷണ വളര്‍ച്ചയെകുറിച്ച് തികച്ചും ബോധവാനായിരുന്നു. ഇഎംഎസ് സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിക്കെതിരായി കേരളത്തിലൊരുക്കിയ പടയൊരുക്കങ്ങള്‍ ഞാന്‍ എന്റെ പ്രബന്ധത്തില്‍ അക്കമിട്ട് നിരത്തിയിരുന്നു. ഈ ചരിത്രം മുഴുവന്‍ അദ്ദേഹം എന്റെ പുസ്തകത്തിന് – ‘ഹിസ്റ്ററി ഓഫ് ദി കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് ഇന്‍ കേരള’ മുഖവുര എഴുതുമ്പോള്‍ വായിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. ഈ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ സമാഹരിച്ചിട്ടുണ്ട്. ഞാനും അദ്ദേഹവും തമ്മിലുള്ള അഭിപ്രായ ഐക്യത്തെക്കുറിച്ച് ഈ പുസ്തകത്തിന്റെ മുഖവുരയില്‍ തുറന്നെഴുതിയിട്ടുമുണ്ട്.
എംജിഎസ് ഒരിക്കലും ഒരു പ്രസ്ഥാനത്തിന്റെ അടിമയായിരുന്നില്ല. ചരിത്ര ഗവേഷണത്തില്‍ പല മാര്‍ക്‌സിസ്റ്റ് പ്രമാണങ്ങളും ഉപയോഗപ്പെടുത്തിയിരുന്ന അദ്ദേഹം തികഞ്ഞ സ്റ്റാലിനിസ്റ്റ് വിമര്‍ശകനായിരുന്നു. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകളുമായി അദ്ദേഹം അകലം പാലിച്ചു പോന്നു. പുരാണേതിഹാസങ്ങളെ ശുദ്ധ ചരിത്രമാക്കുന്ന രീതികളെയും അദ്ദേഹം എതിര്‍ത്തു. ചരിത്ര രീതികളില്‍ അദ്ദേഹം ഒരിക്കലും വെള്ളം ചേര്‍ക്കാന്‍ തയ്യാറായിരുന്നില്ല.
അദ്ദേഹം നിരന്തരമായി എനിക്കു നല്‍കിയ ഉപദേശം ‘എപ്പോഴും രേഖകളുടെ സത്യത്തെ മുറുകെ പിടിക്കുകയെന്നതായിരുന്നു. എന്റെ ഗവേഷണത്തില്‍ ഞാനത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട്. മഹാനായ എന്റെ ഗുരുനാഥനുള്ള ഭക്തിനിര്‍ഭരമായ അര്‍ച്ചനയായി ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: