പരപ്പനങ്ങാടി: ഡോ. എം.ജി.എസ്. നാരായണന്റെ ആത്മകഥയായ ജാലകങ്ങളിലെ ഒരു അദ്ധ്യായത്തിന്റെ പേര് നെടുവയിലെ കടുവകള്‍ എന്നാണ്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ ഇന്നത്തെ നെടുവദേശം പരപ്പനാട് രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു. പരപ്പനാട് കോവിലകത്തിനടുത്താണ് നെടുവ പ്രദേശം. അക്കാലത്ത് പരപ്പനങ്ങാടിയിലെ ഏറ്റവും വിദ്യാസമ്പന്നമായ പ്രദേശമായിരുന്നു നെടുവ. ആ പ്രദേശത്തെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രഗല്ഭരെയാണ് പിന്നീട് എംജിഎസ് നെടുവയിലെ കടുവകള്‍ എന്ന് പേരിട്ട് വിളിച്ചത്.
‘മരിച്ചു മമ ബാല്യം’ എന്ന തന്റെ കവിതാ സമാഹാരത്തിലെ ഒരേടില്‍ തന്റെ പ്രവര്‍ത്തനമേഖലയെ ഏറെ സ്വാധീനിച്ച നെടുവ യുവജനസംഘം വായനശാലയെക്കുറിച്ചും ചിത്ര സഹിതം പരാമര്‍ശിച്ചിട്ടുണ്ട്. ഡോ. എം.ജി.എസ്. നാരായണന്, അമ്മാവന് ഡോ. എം. ഗംഗാധരന് എന്നിവരുടെ വായനയിലേക്കും എഴുത്തിലേക്കുമുള്ള പ്രവേശം ഈ വായനശാലയിലൂടെയായിരുന്നു. അവര്‍ പിന്നീട് വായനശാലയുടെ സാരഥികളായും ഇരുന്നിട്ടുമുണ്ട്.
1936ല്‍ അഡ്വ. ഇ. ഗോവിന്ദന്‍നായര്‍ വാടകയില്ലാതെ അനുവദിച്ച കെട്ടിടത്തിലാണ് വായനശാല പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് തൊട്ടടുത്ത കൊളപുറം തറവാട്ടിലെ വി.എന്‍. നായര്‍ സംഭാവന നല്കിയ സ്ഥലത്ത് സ്വന്തംകെട്ടിടം നിര്‍മ്മിച്ചു. കെ.ടി. മുഹമ്മദിന്റെ ‘വമ്പത്തിനിയാണു പെണ്ണ്’ എന്ന നാടകം ടിക്കറ്റുവെച്ചുനടത്തി കിട്ടിയ പണവും നാട്ടുകാരുടെ സഹായവും ഉപയോഗിച്ചാണ് ഇന്നുള്ള വായനശാലാ കെട്ടിടം നിര്‍മിച്ചത്. പ്രദേശത്തെ വായനശാലകള്‍ പലതും വായനമുറികളായി പ്രവര്‍ത്തിച്ചിരുന്ന കാലത്തു തന്നെ നെടുവ വായനശാലയില്‍ ആയിരക്കണക്കിനു പുസ്തകങ്ങളുള്ള സമ്പന്നമായ ഗ്രന്ഥാലയമുണ്ടായിരുന്നു. നെടുവയിലെ യാഥാസ്ഥിതിക കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചാനയിച്ചതും എംജിഎസിനെ പോലുള്ളവരുടെ പ്രവര്‍ത്തന മികവുകൊണ്ടായിരുന്നു.
എസ്.കെ. പൊറ്റെക്കാട്ട്, എന്‍.പി. ദാമോദരമേനോന്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, തായാട്ട് ശങ്കരന്, തിക്കോടിയന്, കുഞ്ഞുണ്ണിമാഷ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, ഒ.വി. വിജയന് എന്നിവര്‍ പലപ്പോഴായി നെടുവ വായനശാല സന്ദര്‍ശിച്ചവരാണ്. ഇപ്പോള്‍ ഇരുപതിനായിരത്തിലധികം പുസ്തകങ്ങള്‍ വായനശാലയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: