റോം: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകം വിട നല്കി. റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഭൗതിക ശരീരം കബറടക്കി. ഭാരത രാഷ്ട്രപതി ദ്രൗപദി മുര്‍മു അടക്കമുള്ള ലോക നേതാക്കളും ലക്ഷക്കണക്കിന് വിശ്വാസികളും സംസ്കാരത്തില്‍ പങ്കെടുത്തു. മാര്‍പാപ്പയുടെ ആഗ്രഹ പ്രകാരമായിരുന്നു സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കം. കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷയ്ക്കു കാര്‍മികത്വം വഹിച്ചു.
ഇന്നലെ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പൊതുദര്‍ശനം അവസാനിച്ചതിനു പിന്നാലെ പ്രാര്‍ഥനകള്‍ക്കു ശേഷം ഭൗതിക ശരീരം സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വിലാപയാത്രയില്‍ വന്‍ജനാവലി പങ്കെടുത്തു. ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, സ്പെയിന് രാജാവ് ഫിലിപ് ആറാമന്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസില്‍വ, വില്യം രാജകുമാരന് തുടങ്ങി ഒട്ടേറെ രാഷ്ട്ര നേതാക്കള്‍ പങ്കെടുത്തു.
തിങ്കളാഴ്ചയാണ് മാര്‍പാപ്പ കാലം ചെയ്തത്. മൂന്നു ദിവസമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതിക ശരീരത്തില്‍ രണ്ടര ലക്ഷത്തോളം പേര് അന്ത്യാഞ്ജലിയര്‍പ്പിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാന്‍ സാന്താ മരിയ മാര്‍ജറിയില്‍ അശരണരുടെ ഒരു സംഘമുണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചിരുന്നു. ‘ഫ്രാന്‍സിസ്കസ്’ (ഫ്രാന്‍സിസ് എന്നതിന്റെ ലത്തീന്‍ നാമം) എന്നു മാത്രമേ ശവകുടീരത്തില്‍ എഴുതൂ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹമായിരുന്നു ഇതു രണ്ടും. ഇന്നു രാവിലെ മുതല്‍ ജനങ്ങള്‍ക്ക് ശവകുടീരം സന്ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: