World

ഇറാനിൽ രജായി തുറമുഖത്ത് കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ച് 4 മരണം ; 500ലധികം പേർക്ക് പരിക്ക്

സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കത്തുന്ന വസ്തുക്കൾ സൂക്ഷിച്ചതിൽ ഉണ്ടായ അശ്രദ്ധയാണ് സ്‌ഫോടനത്തിന് കാരണമായത്

Published by

ടെഹ്‌റാൻ: ഇറാനിൽ വൻ സ്ഫോടനം. തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ശഹീദ് രജായി തുറമുഖത്താണ് സ്ഫോടനം ഉണ്ടായത്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേറ്റതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

തീ അണയ്‌ക്കുന്നതിനായി തുറമുഖ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. തുറമുഖത്ത് ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നതിനാൽ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാം എന്ന് വാർത്ത ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്യുന്നു.

സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കത്തുന്ന വസ്തുക്കൾ സൂക്ഷിച്ചതിൽ ഉണ്ടായ അശ്രദ്ധയാണ് സ്‌ഫോടനത്തിന് കാരണമായത്. സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ സ്ഥലം സന്ദർശിച്ചിരുന്നുവെന്നും സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നതായും പറയുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് വലിയ തോതിൽ പുകയും തീഗോളവും ഉയരുന്നത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഒരു കിലോമീറ്ററോളം ചുറ്റളവിൽ ഉള്ള കെട്ടിടങ്ങളുടെ ജനാലകൾ തകർന്നതായി ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു. 2020-ൽ ഷാഹിദ് രജായി തുറമുഖം വലിയൊരു സൈബർ ആക്രമണം നേരിട്ടിരുന്നു. അത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ഇസ്രായേലാണ് ആ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ ഇസ്രായേലിൽ നടത്തിയ സൈബർ ആക്രമണത്തിന് പകരമായിരുന്നു സംഭവം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by