തിരുവനന്തപുരം : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കി. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍ ,എ കെ ബാലന്‍, എംഎം മണി , കെ ജെ തോമസ്, പി കരുണാകരന്‍ , ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്
ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയാണ് പുതിയ ക്ഷണിതാക്കളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. കൊല്ലം സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദനെ ക്ഷണിതാവ് പട്ടികയില്‍ ഉള്‍പെടുത്താത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തീരുമാനമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.ഇത് പ്രകാരമാണ് ഇന്ന് സംസ്ഥാന സമിതി ചേര്‍ന്ന് പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക തയാറാക്കിയത്.
പുതുതായി ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് രണ്ട് പേരാണ്. കൊല്ലം സമ്മേളനത്തില്‍ 75 വയസ് പ്രായ പരിധിയെ തുടര്‍ന്ന് നേതൃസമിതിയില്‍ നിന്നൊഴിവായ എ കെ ബാലനും ആനാവൂര്‍ നാഗപ്പനുമാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടത്. മന്ത്രി വീണ ജോര്‍ജ് മാത്രമാണ് 89 അംഗ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാവ്. മന്ത്രി എന്ന നിലയിലാണ് വീണാ ജോര്‍ജിനെ ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: