ഇസ്ലാമാബാദ് : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാനിലെ പല നേതാക്കളും, ഭീകരരും ഭീഷണികളുമായി രംഗത്തെത്താൻ ആരംഭിച്ചു . കഴിഞ്ഞ ദിവസമാണ് ഭീകരൻ ഹാഫീസ് സയീദ് ഇന്ത്യയെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത് . ഇപ്പോഴിതാ പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) തലവനുമായ ബിലാവൽ ഭൂട്ടോ സർദാരിയും പ്രകോപനപരമായ പ്രസ്താവനകളുമായി എത്തിയിട്ടുണ്ട്.
“സിന്ധു നദിയുടെ തീരത്ത് നിന്ന് ഇന്ത്യയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, സിന്ധു നമ്മുടേതാണെന്നും അത് നമ്മുടേതായി തുടരുമെന്നും. ഒന്നുകിൽ നമ്മുടെ വെള്ളം ഈ നദിയിലൂടെ ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം അതിൽ ഒഴുകും. ഇന്ത്യ “സിന്ധുവിനെ ആക്രമിച്ചു” . ഇന്ത്യയിൽ നമ്മേക്കാൾ കൂടുതൽ ജനസംഖ്യയുണ്ടാകാം, പക്ഷേ പാകിസ്ഥാനിലെ ജനങ്ങൾ ധീരരാണ്. ഞങ്ങൾ അതിർത്തികളിലും പാകിസ്ഥാനുള്ളിലും പോരാടും. നമ്മുടെ ശബ്ദം ഇന്ത്യയ്‌ക്ക് ഉചിതമായ മറുപടി നൽകും“ എന്നാണ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ ബിലാവൽ ഭൂട്ടോ പറഞ്ഞത് .
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിലും രോഷത്തിലും ഇരിക്കവേ ഇന്ത്യയ്‌ക്കെതിരായ അക്രമത്തിനുള്ള തുറന്ന പ്രേരണയാണ് ഈ പ്രസ്താവന .
അതേസമയം ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960-ൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി (IWT) പുനഃപരിശോധിക്കുന്നതിനുള്ള പ്രക്രിയ ഇന്ത്യ ആരംഭിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട ചരിത്രപരമായ കരാറാണ് ഈ ഉടമ്പടി. രണ്ട് യുദ്ധങ്ങൾക്കിടയിലും ഇത് മാറ്റമില്ലാതെ തുടർന്നു. എന്നാൽ തുടർച്ചയായ തീവ്രവാദ പ്രവർത്തനങ്ങളും പാകിസ്ഥാന്റെ നിസ്സഹകരണവും കാരണം ഇന്ത്യ ഇപ്പോൾ അത് റദ്ദാക്കാൻ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: