Entertainment

പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ ‘വീര രാജ വീര ഗാനം’; റഹ്മാനും നിർമ്മാതാക്കളും 2 കോടി രൂപ കെട്ടിവെക്കണം

Published by

ന്യൂദല്‍ഹി: പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആർ. റഹ്മാനും, ‘പൊന്നിയിൻ സെൽവൻ–2’ എന്ന സിനിമയുടെ സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവെയ്‌ക്കാന്‍ ദല്‍ഹി ഹൈക്കോടതി നിർദ്ദേശിച്ചു.

പത്മശ്രീ അവാർഡ് ജേതാവും ഇന്ത്യൻ ക്ലാസിക്കൽ ഗായകനുമായ ഫയാസ് വസിഫുദ്ദീൻ ദാഗർ, തന്റെ പിതാവ് നാസിർ ഫയാസുദ്ദീൻ ദാഗറും അമ്മാവൻ സാഹിറുദ്ദീൻ ദാഗറും ചേർന്ന് സംഗീതം നൽകിയ ‘ശിവ സ്തുതി’ എന്ന ഗാനത്തിൽ നിന്നാണ് ‘വീര രാജ വീര’ ഗാനത്തിന്റെ രചനയെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു.

റഹ്മാനും മദ്രാസ് ടാക്കീസും ഉൾപ്പെടെയുള്ളവരെ ഗാനം ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള സ്ഥിരമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ധാർമിക അവകാശങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ദാഗറിന്റെ ഇടക്കാല അപേക്ഷയിൽ പ്രഖ്യാപിച്ച വിധിന്യായത്തിൽ, ‘വീര രാജ വീര’ എന്ന ഗാനം ‘ശിവ സ്തുതി’യിലെ ഗാന രചനയെ അടിസ്ഥാനമാക്കിയുള്ളതോ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ മാത്രമല്ലെന്നും, ചില മാറ്റങ്ങളോടെ വാസ്തവത്തിൽ അതിന് സമാനമാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് പറഞ്ഞു. കൂടാതെ, ഗാനരചനക്ക് ദാഗർ സഹോദരന്മാർക്ക് റഹ്മാനും മദ്രാസ് ടാക്കീസും തുടക്കത്തിൽ ഒരു ക്രെഡിറ്റും നൽകിയിട്ടില്ലെന്നും അതിനാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഈ ക്രെഡിറ്റുകൾ ചേർക്കാൻ സിനിമ നിർമാതാവിനോട് ഉത്തരവിടുന്നെന്നും കോടതി വ്യക്തമാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by