India

പഹൽഗാം ആക്രമണത്തിന് മറുപടി : 48 മണിക്കൂറിനുള്ളിൽ പാകിസ്ഥാൻ പൗരന്മാരെ ഒഴിപ്പിക്കുക, എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി അമിത് ഷാ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഏപ്രിൽ 23 ന് ചേർന്ന മന്ത്രിസഭാ സുരക്ഷാ സമിതി (സിസിഎസ്) യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പ്രകാരം പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഉടനടി നിർത്തിവയ്ക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിരുന്നു

Published by

ന്യൂദൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ടെലിഫോണിൽ സംസാരിച്ചു.
ചർച്ചയ്‌ക്കിടെ അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാരോടും അതത് സംസ്ഥാനങ്ങളിലെ പാകിസ്ഥാൻ പൗരന്മാരെ തിരിച്ചറിയാനും അവർ എത്രയും വേഗം പാകിസ്ഥാനിലേക്ക് മടങ്ങി പോകുന്നത് ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഏപ്രിൽ 23 ന് ചേർന്ന മന്ത്രിസഭാ സുരക്ഷാ സമിതി (സിസിഎസ്) യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പ്രകാരം പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഉടനടി നിർത്തിവയ്‌ക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിരുന്നു. ഏപ്രിൽ 27 മുതൽ പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ നൽകിയിരുന്ന നിലവിലുള്ള എല്ലാ സാധുവായ വിസകളും റദ്ദാക്കി.

പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന മെഡിക്കൽ വിസകൾ ഏപ്രിൽ 29 വരെ മാത്രമേ സാധുതയുള്ളൂ. നിലവിൽ ഇന്ത്യയിൽ നിലവിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും പുതുക്കിയ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യ വിടണം.

കൂടാതെ പാകിസ്ഥാനിൽ താമസിക്കുന്ന ഇന്ത്യക്കാരോട് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക