ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കൈകൊണ്ട നിലപാടുകള്‍ക്ക് ബദല്‍ നടപടികളുമായി പാകിസ്ഥാന്‍. ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് പാക് വ്യോമമേഖലയിലൂടെ വിമാനം പറത്താന്‍ അനുമതി നല്‍കില്ല.
ഷിംല അടക്കം കരാറുകള്‍ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഗ അതിര്‍ത്തി അടയ്‌ക്കും. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസയും മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തലാക്കാനും തീരുമാനിച്ചു.സിന്ധുനദീജല കരാര്‍ മരവിപ്പിച്ചാല്‍ യുദ്ധമായി കാണുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാ കൗണ്‍സില്‍ യോഗ ശേഷമാണ് നടപടികള്‍ പ്രഖ്യാപിച്ചത്. ഇന്നലെ ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടയ്‌ക്കുകയും ചെയ്തിരുന്നു.
അതിനിടെ, പഹല്‍ഗാം ആക്രമണത്തിലെ പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ച് ഇന്ത്യ, യുഎസ്, യുകെ, റഷ്യ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങളോട് വിശദീകരിച്ചു.ഈ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ വിദേശകാര്യമന്ത്രാലയത്തില്‍ എത്തിയാണ് ആശയവിനിമയം നടത്തിയത്. കരസേനാ മേധാവി വെളളിയാഴ്ച ശ്രീനഗര്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായാണ് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത്.
അതിനിടെ, പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഭീകരര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്ത തിരിച്ചടി നല്‍കുമെന്നും നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയില്‍ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദി മുന്നറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക