India

പാക് പട്ടാള മേധാവി ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയിരുന്നു , ഇപ്പോൾ അത് സംഭവിച്ചു ; ഇനി സമയം കളയരുത്, തിരിച്ചടിക്കണമെന്നും ഹിമന്ത ബിശ്വ ശർമ്മ

കശ്മീരിൽ ആളുകളെ അവരുടെ മതത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് തീവ്രവാദികൾ കൊലപ്പെടുത്തിയതെന്നും ഹിന്ദുക്കളെ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂവെന്നും ശർമ്മ കുറ്റപ്പെടുത്തി

Published by

ഗുവാഹത്തി : പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ ശക്തി പാകിസ്ഥാന് മുന്നിൽ പ്രകടിപ്പിക്കാനും രാജ്യത്തിനുള്ളിലെ പാക് ഭീകര സംഘടനകളുടെ അനുഭാവികളോട് ശക്തമായി തിരിച്ചടിക്കാനുമുള്ള സമയവുമാണിതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കശ്മീരിൽ ആളുകളെ അവരുടെ മതത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് തീവ്രവാദികൾ കൊലപ്പെടുത്തിയതെന്നും ഹിന്ദുക്കളെ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂവെന്നും ശർമ്മ കുറ്റപ്പെടുത്തി.

“ഭീകരർ ജനങ്ങളെ കൊല്ലുന്നതിനുമുമ്പ് മതത്തെക്കുറിച്ച് ചോദിക്കുന്നത് ഇതാദ്യമായാണ്. പാകിസ്ഥാനിൽ ഹിന്ദുക്കൾക്കിടയിൽ ഒബിസി, എസ്‌സി, എസ്ടി എന്നിവയില്ലെന്ന് നമ്മുടെ ജനങ്ങൾ മനസ്സിലാക്കണം. അത് ഹിന്ദുക്കൾ മാത്രമാണ്” – അസം മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെ കൈകാര്യം ചെയ്യുമെന്ന് ശക്തമായി വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ താമസിക്കുന്ന ചിലരും പാകിസ്ഥാനി ഭീകരരുടെ കൈയ്യാളുകളാണ്. അവരെ അറിയേണ്ട സമയമാണിത്. ഈ ആളുകൾ ഹിന്ദുക്കളെയും സമൂഹത്തെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പഹൽഗാമിൽ സംഭവിച്ചത് ശരിക്കും ആശങ്കാജനകമാണെന്നും അതിനെ അപലപിക്കാൻ വാക്കുകൾക്ക് അതീതമാണെന്നും ശർമ്മ പറഞ്ഞു. ഏഴ് ദിവസം മുമ്പ് പാകിസ്ഥാൻ പട്ടാള മേധാവി ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇപ്പോൾ അക്രമണ സംഭവം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് പഹൽഗാമിലെ ബൈസരനിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടത്. കൂടുതലും വിനോദസഞ്ചാരികളായിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക