ദക്ഷിണ കശ്മീരിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ കമാന്‍ഡറുടെ നേതൃത്വത്തിലുള്ള ആറ് ആയുധധാരികളായ ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയത്. പാക്ക് സൈനികരുടെ വേഷത്തില്‍ എത്തിയ ഇവര്‍ അമേരിക്കന്‍ നിര്‍മ്മിത തോക്കുകള്‍ ഉപയോഗിച്ചാണ് കൂട്ടക്കൊല നടത്തിയത്. പൈശാചികമായ ഈ കൃത്യത്തിന് പ്രാദേശികതലത്തില്‍ സഹായം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഭാരതത്തിലെ ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന മനോഹരമായ ബൈസാരനെ ചുറ്റിപ്പറ്റിയുള്ള മലകളില്‍ നിന്ന് താഴേക്കുവന്ന്, നിരായുധരായ വിനോദസഞ്ചാരികള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. 26 പേര് കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തികച്ചും ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. കൊലചെയ്യപ്പെട്ടവരില്‍ ഒരാള്‍ എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും, മറ്റൊരാള്‍ കേരളത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരനായ നേവി ഉദ്യോഗസ്ഥനുമാണ്.
കിഷ്ത്വാറില്‍ നിന്ന് ബൈസാരന് വരെ ഭീകരര്‍ക്ക് യാത്ര ചെയ്യാന്‍ നാട്ടിലുള്ള ഏജന്റുമാര്‍ സഹായിച്ചതായി വിവരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയെന്ന് കണ്ടെത്താന്‍ ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്.
ഭീകരരില്‍ ഒരാള്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉപയോഗിക്കപ്പെടുന്ന മാജി ഭാഷയിലാണ് സംസാരിച്ചിരുന്നത്. കാശ്മീര്‍ പാക്കിസ്ഥാന്റെ രക്തധമനിയാണെന്ന് പാക് കരസേനാ മേധാവിയുടെ പ്രസ്താവന പുറത്തുവന്നതിനും പിന്നാലെയാണ് ആക്രമണം നടന്നത്.
ഭീകര സംഘടനയായ ലക്ഷകറെ തോയ്ബയുടെ ഭാഗമായ റെസിസ്റ്റന്‍സ് ഫോഴ്സാണ് ആക്രമണം സംഘടിപ്പിച്ചത്. പുല്‍വാമയിലും മറ്റും സൈനികര്‍ക്കുനേരെ നടത്തിയ ആക്രമണം ഉള്‍പ്പെടെ ഭാരതത്തിനെതിരെ ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന് ഉപയോഗിക്കുന്ന സംഘടനയാണ് ലഷ്കറെ തോയ്ബ.
ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്, ഒരു തെമ്മാടി രാജ്യമായ പാക്കിസ്ഥാനെ നിലയ്ക്കുനിര്‍ത്താതെ ഭാരതത്തിനെതിരായ ഭീകരാക്രമണങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ കഴിയില്ല. നയതന്ത്ര ഇടപെടലുകള്‍ക്ക് വില കല്‍പ്പിക്കുന്ന രാജ്യമല്ല പാക്കിസ്ഥാനെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആയുധത്തിന്റെ ഭാഷ മാത്രമേ അവര്‍ക്ക് മനസ്സിലാവുകയുള്ളൂ. ഇതിനുമുന്‍പും വിജയിച്ചിട്ടുള്ളത് അതുതന്നെയാണ്. ഭാരതത്തോട് ഏറ്റുമുട്ടി പലയാവര്‍ത്തി പരാജയപ്പെട്ടിട്ടുള്ളതാണെങ്കിലും ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതില്‍നിന്ന് പിന്മാറാന് മതഭ്രാന്തുകൊണ്ടും അഹന്തകൊണ്ടും ആ രാജ്യത്തിന് കഴിയുന്നില്ല. അതുകൊണ്ട് സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കാനുള്ള വിവേകം അവര്‍ക്ക് ഉണ്ടാകുമെന്ന് കരുതാനാവില്ല.
പാക്കിസ്ഥാന് സര്‍ക്കാരും ഭീകര സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധം നിലനില്‍ക്കുന്ന കാലത്തോളം കശ്മീര്‍ സുരക്ഷിതമായിരിക്കില്ല. ഈ ഭീകരവാദികളെ അവരുടെ താവളത്തില്‍ ചെന്ന് തുടച്ചുനീക്കണം. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഭാരതത്തിന് കഴിയും. ഇപ്പോള്‍ത്തന്നെ ഇത്തരമൊരു നടപടിക്കു വേണ്ടി രാജ്യാന്തര സമ്മര്‍ദ്ദം ഉയരുന്നുണ്ട്. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ലോകരാജ്യങ്ങള്‍ ശക്തമായി അപലപിച്ചത് ഇതിന് തെളിവാണ്. ഈ സാഹചര്യത്തില്‍ ഭാരതത്തിന്റെ നേതൃത്വം ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പാക്കിസ്ഥാനെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: