ന്യൂദല്‍ഹി: ‘എല്ലാ കണ്ണുകളും പഹല്‍ഗാമിലേക്ക്’ (ഓള്‍ അയ്സ് ഓണ്‍ പഹല്‍ഗാം) എന്ന തലക്കെട്ടില്‍ എഐ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഒരു മാധ്യമപ്രവര്‍ത്തകനാണ്. പഹല്‍ഗാമിലെ ദുരന്തത്തിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുക, ഒപ്പം അതിന്റെ ഇരകള്‍ക്ക് നീതി ആവശ്യപ്പെടുക എന്നീ ലക്ഷ്യമേ ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റിട്ടതിന് പിന്നില്‍ ആ മാധ്യമപ്രവര്‍ത്തകന് ഉണ്ടായിരുന്നുള്ളൂ.
തളംകെട്ടിനില്‍ക്കുന്ന രക്തത്തില്‍ കിടക്കുന്ന ഭര്‍ത്താവിന് അടുത്ത് ഇരിക്കുന്ന ഭാര്യയായ പെണ്‍കുട്ടിയുടെ ചിത്രത്തോട് കൂടിയതാണ് ഓള്‍ അയ്സ് ഓണ്‍ പഹല്‍ഗാം എന്ന ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ബുധനാഴ്ച രാവിലെയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. ഉടനെ അത് ജനം ഏറ്റെടുക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷം പേരാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.
പിന്നാലെ സിനിമാനടന്മാര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും ഈ പോസ്റ്റ് പങ്കുവെയ്‌ക്കാന്‍ തുടങ്ങി. തെലുങ്കുനടന്‍ രാം ചരണ്‍, ഹിന്ദി നടന്‍ രണ്‍ദീപ് ഹുഡ തുടങ്ങിയവര്‍ ഈ പോസ്റ്റ് പങ്കുവെച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ പോസ്റ്റിന് വീണ്ടും ലക്ഷക്കണക്കിന് പേരുടെ പിന്തുണ ലഭിച്ചു. ഈ പോസ്റ്റ് ഇപ്പോള്‍ പഹല്‍ഗാം ആക്രമണത്തിനെതിരായ ശക്തമായ പ്രതിഷേധമായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: