ജമ്മു : കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 26 പേരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് രാജ്യത്തെ തന്നെ നടുക്കി. താഴ്‌വരയിലെ ടൂറിസ്റ്റ് സീസണിന്റെ തുടക്കത്തിൽ ഭയം പടർത്താൻ ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ ഭീകരരുടെ വ്യക്തമായ പദ്ധതിയാണിതെന്ന് നിസംശയം പറയാനാകും.
കശ്മീരിലെ പരമ്പരാഗത വരുമാന സ്രോതസ്സാണ് ടൂറിസം. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഇപ്പോൾ സമാധാനം കൈവരിക്കുകയും സാധാരണ നിലയിലേക്ക് എത്തുന്നതും തിരിച്ചറിഞ്ഞ തീവ്രവാദികൾ ഇപ്പോഴും കശ്മീർ പ്രതിസന്ധിയിലാണെന്ന സന്ദേശം നൽകാനും വേണ്ടിയാണ് ഈ ആക്രമണം നടത്തിയതെന്നാണ് ഇൻ്റലിജൻസ് വൃത്തങ്ങൾ പറയുന്നത്.
ഇവിടെ മൂന്ന് പ്രധാന കാര്യങ്ങളുണ്ട്. പ്രധാനമന്ത്രി മോദി സൗദി അറേബ്യയിലായിരിക്കുമ്പോഴും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യയിലായിരിക്കുമ്പോഴും പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ കശ്മീർ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നതിനു തൊട്ടുപിന്നാലെയുമാണ് ഈ ഭീകര ആക്രമണം നടന്നിരിക്കുന്നത്.
ലഷ്കർ-ഇ-തൊയ്ബയുടെ ഒരു ശാഖയായ ദി റെസിസ്റ്റൻസ് ഫോഴ്സാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. ആക്രമണത്തിന് പരമാവധി ശ്രദ്ധയും നേട്ടവും നേടുന്നതിനായി കൃത്യമാർന്ന സമയവും പ്രദേശവും ഭീകരർ തിരഞ്ഞെടുത്തു. ജമ്മുകശ്മീർ ഭീകരരുടെ സ്വദേശമാണെന്ന മിഥ്യാധാരണ നൽകാൻ പാകിസ്ഥാൻ മെനഞ്ഞ ഒരു സൃഷ്ടി മാത്രമാണ് ടിആർഎഫിന്റെ ഈ ആക്രമണം എന്ന് നിസംശയം പറയാനാകും.
ഈ തീവ്രവാദികളുടെ മേലാളൻമാർ ഇപ്പോഴും പാകിസ്ഥാനിൽ ഇരുന്ന് ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ പാകിസ്ഥാന്റെ സൈനിക-ഇന്റലിജൻസ് വിഭാഗം സമ്മർദ്ദത്തിലാണെന്നും മാർച്ചിൽ ബലൂചിസ്ഥാനിൽ നടന്ന ട്രെയിൻ ഹൈജാക്കിൽ സംഭവിച്ചതിന് പ്രതികാരമായി ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ ആഗ്രഹിക്കുന്നു എന്നുമാണ്. ഒരു തെളിവുമില്ലാതെ പാകിസ്ഥാൻ ബലൂച് കലാപത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നുണ്ട്.
കശ്മീർ ഇസ്ലാമാബാദിന്റെ കഴുത്തിലെ സിരയാണ് എന്ന മുനീറിന്റെ കഴിഞ്ഞ ആഴ്ചത്തെ വാദം പരിശോധിച്ച് നോക്കുമ്പോൾ ജമ്മുകശ്മീരിലെ ഒരു സുരക്ഷാ സംഭവത്തിന്റെ സൂചനയായി കാണാൻ സാധിക്കും. ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ കൈകാര്യം ചെയ്തത് പ്രാദേശികമായ സഹായത്തോടുകൂടിയുള്ള ലഷ്കറിന്റെ ചെറിയ ഗ്രൂപ്പുമാണ്. കശ്മീരിലെ സംയുക്ത സുരക്ഷാ വലയിൽ നിന്ന് രക്ഷപ്പെടാനും സുരക്ഷാ സേനയെ ദുർബലപ്പെടുത്താനും തീവ്രവാദികൾ നിരന്തരം അവരുടെ തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അവർ എൽഒസിക്ക് അപ്പുറത്തുനിന്നുള്ള പരമ്പരാഗത നുഴഞ്ഞുകയറ്റം മാറ്റിമറിക്കുന്നത്.
ഇപ്പോൾ അവർ സ്ലീപ്പർ സെല്ലുകളെയാണ് സജീവമാക്കിയിരിക്കുന്നത്. ലക്ഷ്യമിട്ട കൊലപാതകങ്ങൾ നടത്തുന്നതിന് ഈ സ്ലീപ്പർ സെൽ മികച്ച പിന്തുണ ഭീകരർക്ക് നൽകുന്നുണ്ട്. പിർ പഞ്ചൽ മേഖലയിലും അതിന്റെ തെക്ക് ജമ്മു ഡിവിഷനിലും ഭീകരാക്രമണങ്ങൾ പോലും നടത്തുന്നത് ഈ സ്ലീപ്പർ സെല്ലുകളുടെ സഹായത്തോടെയാണ്. ഈ സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അങ്ങേയറ്റത്തെ വെല്ലുവിളി നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: