തിരുവനന്തപുരം: സേവാശക്തി ഫൗണ്ടേഷന് സുരക്ഷിത ഭവനം പദ്ധതിയുടെ ഭാഗമായി വിതുര തെന്നൂര്‍ വനമേഖലയിലെ ഷീബയ്ക്കും മക്കള്‍ക്കും നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാനം വിഷു ദിനത്തില്‍ നടന്നു.
ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് എസ്.സേതുമാധവന്, വിഭാഗ പ്രചാരക് പ്രമോദ്, സേവാശക്തി ഫൗണ്ടേഷന് ചെയര്മാന് സി.എസ്.മോഹനന്, സെക്രട്ടറി എം.സന്തോഷ്, വൈസ് പ്രസിഡന്റ്എസ്. സുനില്‍കുമാര്‍, സേവാഭാരതി ജില്ലാ സെക്രട്ടറി ബിനു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
വിതുര ഗ്രാമ പഞ്ചായത്തില്‍ മണലി വാര്‍ഡില്‍ മുളമൂട്ട് മണ്‍പുറം നിവാസികളായ ഷീബയ്ക്കും മക്കള്‍ മീരയ്ക്കും അനൂവിനും നല്ലൊരു വീട് സ്വന്തമായ നിമിഷത്തെ ചടങ്ങില്‍ സാക്ഷികളായി നിരവധി പേര് എത്തിയിരുന്നു. കൈവശരേഖ പ്രകാരം 20 സെന്റ് സ്ഥലമുണ്ടെങ്കിലും ഷീബയ്ക്കും കുടുംബത്തിനും സ്വന്തമായൊരു വീടില്ലായിരുന്നു. ഷീറ്റിട്ട് മറച്ച ഷെഡ്ഡില്‍ ആയിരുന്നു ഉറക്കം. ഇഴജന്തുക്കള്‍ നിറഞ്ഞ ഇടമാണ്. പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയായ മകള്‍ മീരയെ ഒരു തവണ പാമ്പ് കടിച്ചിട്ടുമുണ്ട്. വനമേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ സേവാശക്തി ഫൗണ്ടേഷന് ചെയര്മാന് സി.എസ്.മോഹനനെയും പ്രവര്‍ത്തകരെയും അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വീടെന്ന സ്വപ്നം സഫലമായത്. 8 ലക്ഷത്തോളം രൂപ ചെലവില്‍ ആറ് മാസത്തോളം സമയമെടുത്തായിരുന്നു വീട് പണി പൂര്‍ത്തിയായത്.
വിഷു ദിനത്തില്‍ തന്നെ പാല്കാച്ചല് ചടങ്ങ് നടന്നതില്‍ ചടങ്ങില്‍ സാക്ഷികളായവര്‍ക്കും ഏറെ സന്തോഷം. ഇഴജന്തുക്കളെയും കാറ്റിനെയും മഴയേയും പേടിക്കാതെയും വീട്ടില്‍ കിടന്നുറങ്ങാമെന്ന ആശ്വാസവും സന്തോഷവും ഷീബയുടെയും മക്കളുടെയും കണ്ണുകളില്‍ കണ്ടു. വിഷു കൈനീട്ടം, ആദരം, സദ്യ, വസ്ത്ര വിതരണം എന്നിവയും സേവാശക്തി ഫൗണ്ടേഷന് ഒരുക്കിയിരുന്നു.ഫൗണ്ടേഷന് ട്രഷറര്‍ സി.അനൂപ്, ലിജു വി. നായര്‍, ഷീജാ സാന്ദ്ര, പ്രവാസി ഹരികുമാര്‍, സേവാഭാരതി വനമേഖല ട്രഷറര്‍ ജയപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: