India

പഹൽഗാം ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം, ഇന്ത്യക്ക് പിന്തുണയുമായി ലോക രാജ്യങ്ങൾ

Published by

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തി​ന്റെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയും ഇന്ന് യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാത്രി തന്നെ ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തിരുന്നു.

ഇന്നലെ നടന്ന ഇന്ത്യ സൗദി ഉച്ചകോടി ആരംഭിച്ചതുതന്നെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ്. സൗദി കിരീടാവകാശി കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചതോടൊപ്പം എല്ലാ സഹായങ്ങളും വാ​ഗ്ദാനം ചെയ്തു. ആക്രമണത്തി​ന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം പ്രധാനമന്ത്രി വെട്ടിച്ചുരുക്കിയിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാത്രി തന്നെ ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു.

മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്ന് സന്ദർശിക്കും.ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആർഎസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമർശിച്ചു. സർക്കാർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് വ്യക്തമാക്കുന്നു.

ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by