ന്യൂദല്‍ഹി: മറ്റ് രാജ്യങ്ങളുടെ മേല്‍ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിയോടെ ഡോളര്‍ ദുര്‍ബലമായതോടെ ഇന്ത്യയുടെ ഓഹരി വിപണി കഴിഞ്ഞ ആറ് ദിവസമായി തുടര്‍ച്ചയായി മുകളിലേക്ക് കുതിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് കുറച്ചതും ചൈനയ്ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയതും ആണ് ഇന്ത്യയുടെ ഓഹരി വിപണി ഉയരാന്‍ സഹായകരമായത്.
ചൊവ്വാഴ്ചയും 187 പോയിന്‍റ് ഉയര്‍ന്ന് സെന്‍സെക്സ് 79495ല്‍ എത്തി. 2025 ജനുവരി രണ്ടിന് ശേഷമാണ് വീണ്ടും സെന്‍സെക്സ് ഇത്രയും ഉയരത്തെ തൊടുന്നത്. വരും ദിവസങ്ങളില്‍ മിക്കവാറും 80000 തൊടുമെന്ന് കരുതുന്നു. നിഫ്റ്റിയാകട്ടെ 41 പോയിന്‍റ് കയറി 24100ല്‍ എത്തി. ധനകാര്യ, ലോഹ വിഭാഗങ്ങളില്‍പ്പെട്ട ഓഹരികളാണ് ചൊവ്വാഴ്ച കുതിച്ചുകയറിയത്. എച്ച് ഡിഎഫ് സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് തുടങ്ങി ഏതാണ്ട് എല്ലാ ബാങ്ക് ഓഹരികളും വന്‍തോതില്‍ മുകളിലേക്ക് കുതിച്ചു. ഡോളറിന്റെ മൂല്യം കുറഞ്ഞത് ഐടി ഓഹരികളെ ബാധിച്ചു. ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് എന്നീ ഐടി കമ്പനികളുടെ ഓഹരികള്‍ താഴ്ന്നു. പൊതുവെ നാലാം സാമ്പത്തിക പാദത്തില്‍ (2025 ജനവരി-മാര്‍ച്ച് വരെ) മികച്ച ഫലം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഹരികളില്‍ വന്‍ കുതിച്ചുകയറ്റമാണ്.
റിസര്‍വ്വ് ബാങ്ക് പണത്തിന്റെ പലിശനിരക്ക് കുറച്ചതോടെ വായ്പാപലിശ കുറഞ്ഞത് വിപണിയില്‍ കൂടുതല്‍ പണം എത്തിക്കുമെന്ന പ്രതീക്ഷ വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നു. മാത്രമല്ല, ഡോളര്‍ ആകര്‍ഷകമല്ലാതായതോടെ വീണ്ടും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നുണ്ട്. വിലക്കയറ്റം കുറഞ്ഞതും റിസര്‍വ്വ് ബാങ്ക് വീണ്ടും പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും വിപണിയുടെ കുതിപ്പിനെ സഹായിക്കുന്നുണ്ടെന്ന് ജിയോജിതിന്റെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറയുന്നു.
ഇന്ത്യയിലേക്ക് ചരക്ക് തള്ളാമെന്ന ചൈനയുടെ മോഹം കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നയങ്ങള്‍ കാരണം നടക്കുന്നില്ലെന്നും ഇത് ഇന്ത്യയ്‌ക്ക് അനുഗ്രഹമായെന്നും കാര്‍നേലിയന്‍ അസറ്റ് അഡ്വൈസേഴ്സ് സ്ഥാപകന്‍ വികാസ് ഖെമാനി പറയുന്നു. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി തടയാന്‍ ഇന്ത്യ 12 ഇന്ത്യ 12 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയിലെ ഉരുക്ക് നിര്‍മ്മാണ വ്യവസായത്തിന് അനുഗ്രഹമായി. ചൊവ്വാഴ്ച വിപണി കുതിക്കാന്‍ ഇതും ഒരു കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: