കോട്ടയം: നാടിനെ നടുക്കിയ തിരുവാതുക്കല്‍ ദമ്പതിമാരുടെ കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു. ഇവരുടെ മകന് ഗൗതമിന്റെ മരണവും കൊലപാതകമെന്ന ആരോപണത്തെ തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കെയാണ് ദമ്പതികളും കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട വിജയകുമാര്‍ മകനെ കാണാനില്ലെന്ന പരാതി പൊലീസിന് നല്‍കിയിരുന്നു. പിന്നീട് റെയില്‍വേ പാളത്തിന് സമീപം ഗൗതമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഉത്തരവ് വന്ന് ഏകദേശം രണ്ട് മാസം ആകുന്നതേയുള്ളൂ. അതിനിടയിലാണ് നിയമപോരാട്ടം നടത്തിയ മാതാപിതാക്കളെ കൊല്ലപ്പെട്ടനിലയില്‍ ഇന്ന് കണ്ടെത്തുന്നത്.
പൊലീസ് അന്വേഷണത്തില്‍ കാര്യമായ കണ്ടെത്തല്‍ ഒന്നും ഇല്ലാത്തതിനാലായിരുന്നു ഹൈക്കോടതി വിജയകുമാറിന്റെ മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സിബിഐയെ ഏല്‍പ്പിച്ചത്.ഗൗതം ട്രെയിന്‍ തട്ടി മരിച്ചു എന്നായിരുന്നു കേസ്. എന്നാല്‍ കഴുത്തിലും ശരീരത്തിലും ഉണ്ടായിരുന്ന മുറിവുകള്‍ സംശയമുണ്ടാക്കി. ഇതോടെയാണ് മകന്റേത് കൊലപാതകമാണെന്ന വിലയിരുത്തലില്‍ ദമ്പതികള്‍ ഇരുവരും നിയമപോരാട്ടത്തിന് ഇറങ്ങി തിരിച്ചത്. ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടി ഉണ്ട്. അവര്‍ വിദേശത്തായതിനാല്‍ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
അതേസമയം, ഇരട്ടകൊലപാതകത്തില്‍ പ്രതിയെന്ന് സംശയമുളള ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് പൊലിസ് പറഞ്ഞു. ഇയാളെ ഉടന്‍ പിടികൂടുമെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. പ്രതി വീടിനുളളില്‍ കടന്നത് ജനലില്‍ ദ്വാരം ഉണ്ടാക്കി വാതില്‍ തുറന്നാണെന്ന് കണ്ടെത്തി. വീടിനുള്ളില്‍ കടന്നശേഷം ജനല്‍ ഗ്ലാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു. റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റ് ഉള്ള വീടിന്റെ മതില് പ്രതി ചാടി കടന്നതായും അന്വേഷണ സംഘം കണ്ടെത്തി.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയ കുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.വിജയകുമാറിന്റെ മൃതദേഹം കിടന്നിരുന്നത് വീടിന്റെ ഹാളിലാണ്. ഭാര്യ മീരയുടെ മൃതദേഹം കിടപ്പു മുറിയിലുമാണ് ഉണ്ടായിരുന്നത്.വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: