ന്യൂദല്‍ഹി: ഐഎസ്ആര്‍ഒയുടെ സ്‌പെയ്‌ഡെക്സ് (സ്‌പെയസ് ഡോക്കിങ് എക്‌സ്പിരിമെന്റ്) ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2024 ഡിസംബര്‍ 30നാണ് പിഎസ്എല്‍വി സി60 റോക്കറ്റില്‍ സ്പെയ്‌ഡെക്സ് വിക്ഷേപിച്ചത്. 2025 ജനുവരി 16ന് രാവിലെ 6.20ന് സ്‌പെയ്‌ഡെക്‌സിലെ ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്‌സ്01) ടാര്‍ഗറ്റും (എസ്ഡിഎക്‌സ്02) ആദ്യമായി വിജയകരമായി ഡോക്ക് ചെയ്തു. 2025 മാര്‍ച്ച് 13ന് രാവിലെ 09:20ന് വിജയകരമായി അണ്‍ഡോക്കിങ്ങും പൂര്‍ത്തിയാക്കി. അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഞായറാഴ്ച രാത്രി ഏഴോടെയാണ് ഡോക്കിങ്ങിനുള്ള ശ്രമം ആരംഭിച്ചത്. ഒറ്റ ശ്രമത്തില്‍ത്തന്നെ, 45 ഡിഗ്രി ചരിവില്‍ 460 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഡോക്കിങ് സാധ്യമായി. ഓര്‍ബിറ്റല്‍ ഡോക്കിങ്, ബഹിരാകാശ പേടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ പരീക്ഷണങ്ങള്‍ക്ക് ഈ ദൗത്യം അടിത്തറ പാകുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
ചന്ദ്രയാന്‍ 4, ഗഗന്‍യാന്‍, ഭാരതത്തിന്റെ ബഹിരാകാശ നിലയം എന്നിവയ്‌ക്കെല്ലാം പ്രയോജനം ചെയ്യുന്നതാണ് നിലവിലെ പരീക്ഷണ വിജയമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: