കൊച്ചി: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന്റെ 28-ാം പതിപ്പിന് മഹാരാജസ് കോളേജ് സ്‌റ്റേജിയത്തില്‍ പെരുമ്പറ മുഴങ്ങിയത് ദീര്‍ഘദൂര ഇനമായ പതിനായിരം മീറ്ററിലെ പുതിയ മീറ്റ് റിക്കാര്‍ഡോടെ. ഇന്നലെ വെളുപ്പിന് അരങ്ങേറിയ മത്സരത്തില്‍ ആര്‍മിയുടെ സവാന്‍ ബര്‍വാള്‍ ആണ് പുതിയ മീറ്റ് റിക്കാര്‍ഡ് സ്ഥാപിച്ച് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. 28 മിനിറ്റ് 57.13 സെക്കന്‍ഡിലാണ് ബര്‍വാള്‍ ഫിനിഷ് ചെയ്തത്.
വെള്ളിനേട്ടം കൊയ്ത റെയില്‍വേയുടെ അഭിഷേക് പാല്‍(29:14.86) ഏഷ്യന്‍ അത്ലറ്റിക്സ് യോഗ്യത നേടി. ആര്‍മിയുടെ കിരണ്‍ മാത്രേ്ക്കാണ്(29:47.62) വെങ്കലം.
അതിവേഗ ട്രാക്കിലും ജാവലിന്‍ ത്രോയിലും നടന്ന രണ്ട് അട്ടിമറികളായിരുന്നു ഒന്നാം ദിവസത്തെ മറ്റ് പ്രധാന സംഭവങ്ങള്‍.
ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് ഇരട്ട മെഡല്‍ ജേതാവ് നീരജ് ചോപ്രയ്‌ക്ക് പിന്നിലെ രണ്ടാമത്തെ ഭാരതീയനായി അന്താരാഷ്‌ട്ര മത്സരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ കിഷോര്‍ ജെനയെ മറികടന്ന് സ്വര്‍ണം നേടിയത് പോലീസിന്റെ സച്ചിന്‍ യാദവ്. പുരുഷ ജാവലിനില്‍ സ്വര്‍ണം ഉറപ്പാക്കിയിറങ്ങിയ കിഷോറിനെ ഞെട്ടിച്ച് 83.86 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ എത്തിച്ചുകൊണ്ടായിരുന്നു സച്ചിന്‍ യാദവിന്റെ പൊന്‍നേട്ടം. റെയില്‍വേ താരങ്ങളായ യഷ്വിര്‍ സിങ്(80.85മീറ്റര്‍), സഹില്‍ സില്‍വാള്‍(77.84മീറ്റര്‍) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.
വനിതകളുടെ 1500 മീറ്ററില്‍ ഉത്തരാഖണ്ഡിന്റെ ലിലിദാസ് (4:10.88) സ്വര്‍ണനേട്ടം സ്വന്തമാക്കി. ഹരിയാനയുടെ പൂജ(4:12.56), ഗുജറാത്തിന്റെ കാജല്‍(4:20.67) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. പുരുഷന്മാരുടെ 1500 മീറ്ററില്‍ ജെഎസ്ഡബ്ല്യു താരമായ യൂനസ് ഷാ(3:41.93) ഒന്നാമതായി. യുപിയുടെ അജയ്കുമാര്‍ സരോജ്(3:42.64), ഹരിയാനയുടെ നരേന്ദര്‍സിങ്(3:42.77) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
വനിത പോള്‍വാട്ടില്‍ തമിഴ്നാടിന്റെ പവിത്ര വെങ്കിടേഷ് നാല് മീറ്റര്‍ താണ്ടി ജേതാവായി. ഇതേ ദൂരം തണ്ടിയ തമിഴ്നാടിന്റെ തന്നെ ഭരണിക ഇളങ്കോവനാണ് വെള്ളി. ഹരിയാനയുടെ വന്‍ഷിക മൂന്നമാതായി(3.90മീറ്റര്‍).
ഇന്ന് പത്ത് ഫൈനലുകള്‍
പുരുഷ പോള്‍വാള്‍ട്ട്-ഉച്ചയ്‌ക്ക് 2.30
പുരുഷ ഡിസ്‌കസ് ത്രോ- ഉച്ചയ്‌ക്ക് 2.40
പുരുഷ ഹൈജംപ്-ഉച്ച തിരിഞ്ഞ് 3.00
പുരുഷ ലോങ്ജംപ്- വൈകീട്ട് 3.45
പുരുഷന്മാരുടെ 110 മീറ്റര്‍ ഹാര്‍ഡില്‍സ്- വൈകീട്ട് 4.20
വനിതാ ഡിസ്‌കസ് ത്രോ- വൈകീട്ട് 4.30
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്- വൈകീട്ട് 4.35
വനിതകളുടെ 400 മീറ്റര്‍- വൈകീട്ട് 5.05
പുരുഷന്മാരുടെ 400 മീറ്റര്‍- വൈകീട്ട് 5.15
വനിതകളുടെ ഹെപ്റ്റാത്‌ലോണ്‍- 5.35
പ്രതികരിക്കാൻ ഇവിടെ എഴുതുക: