Football

ഗോകുലം കേരളയ്‌ക്ക് തോല്‍വി

Published by

ഭൂവനേശ്വര്‍: സൂപ്പര്‍ കപ്പില്‍ ഗോകുലം കേരളക്ക് തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ എഫ്.സി ഗോവയോടാണ് ഗോകുലം എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടത്. മത്സരത്തിന്റെ തുടക്കത്തില്‍ ഗോകുലം കേരളയ്‌ക്കു മികച്ച നീക്കങ്ങളുമായി ഗോവ സമ്മര്‍ദം ചെലുത്തികൊണ്ടാണ് മത്സരം ആരംഭിച്ചത്.

23ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍നിന്ന് ഐകര്‍ ഗ്വരറ്റ്‌സ്‌കയായിരുന്നു ഗോവക്കായി ആദ്യഗോള്‍ നേടിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഗോകുലം ശക്തമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ 35ാം മിനിറ്റില്‍ എഫ്.സി ഗോവ രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ കടവുമായിട്ടായിരുന്നു ഗോകുലം കളി അവസാനിപ്പിച്ചത്. രണ്ടാം പകുതിക്ക് ശേഷം ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഗോകുലം മികച്ച നീക്കങ്ങളുമായി കളിച്ചു. എന്നാല്‍ പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 71ാം മിനുട്ടില്‍ ഐകര്‍ ഹാട്രിക് പൂര്‍ത്തിയാക്കി ഗോവക്ക് മൂന്ന് ഗോളിന്റെ ലീഡ് നല്‍കി. പിന്നീട് മത്സരത്തിന്റെ അവസാനം വരെ ഗോകുലം പൊരുതി നോക്കിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ശക്തമായ ഗോവന്‍ ഡിഫെന്‍സിനുമുന്നില്‍ അക്രമണങ്ങളെല്ലാം വിഫലമായി. മത്സരത്തില്‍ തോറ്റതോടെ ഗോകുലം ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. ” മത്സരത്തില്‍ ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഗോവ ലഭിച്ച അവസരങ്ങള്‍ കൃത്യമായി മുതലാക്കി. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫൈനല്‍ തേഡില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല” പരിശീലകന്‍ രഞ്ജിത് ടി എ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by