കൊച്ചി: മെത്താംഫെറ്റമിൻ മൂക്കിലൂടെ വലിച്ചു കയറ്റുകയാണ് പതിവെന്ന് നടൻ ഷൈൻ ടോം ചാക്കോ. സൈറ്റിൽ ആരെങ്കിലും കഞ്ചാവ് കൊണ്ടു വന്നാൽ ഉപയോഗിക്കാറുണ്ടെന്നും ഷൈൻ മൊഴി നൽകി. ലഹരിക്കായി പലർക്കും പണം നൽകിയിട്ടുണ്ട്. ആർക്കൊക്കെയാണെന്ന് ഓർമയില്ല. സൈറ്റുകളിൽ ലഹരി എത്തിച്ചു നൽകാൻ പ്രത്യേകം ഏജന്‍റുമാരുണ്ടെന്നും ഷൈൻ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ.
ഡാൻസാഫ് സംഘത്തെക്കണ്ട് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലെ വിശദാംശങ്ങളാണ് പുറത്തു വന്നത്. വിദേശ മലയാളിയായ യുവതിയെ കാണാനാണ് ഹോട്ടലിൽ മുറിയെടുത്തത്. പിതാവ് നിർമിച്ച സിനിമയുമായി ബന്ധപ്പെട്ട് ചിലരുമായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ ഉപദ്രവിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഇറങ്ങിയോടിയതെന്നും ഷൈൻ വ്യക്തമാക്കി.
അതേ സമയം നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. വിവരശേഖരണത്തിനുശേഷം ആവശ്യമെങ്കില്‍ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. ഷൈന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് ഔദ്യോഗികമായി പറയാറായിട്ടില്ലെന്നും സിനിമ മേഖലയിലെ മറ്റുള്ളവര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈന്‍ പറഞ്ഞിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. സജീര്‍ അടക്കമുള്ള ലഹരിവില്‍പനക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: