ന്യൂദൽഹി : ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുമായി ബന്ധപ്പെട്ട ഖാലിസ്ഥാനി ഘടകങ്ങളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു. തന്നെയും മറ്റ് രാഷ്‌ട്രീയ നേതാക്കളെയും കൊലപ്പെടുത്താൻ ഭീകര സംഘടന ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
സോഷ്യൽ മീഡിയയിൽ ചോർന്ന ചാറ്റുകളിലൂടെ ഈ ഗൂഢാലോചന പുറത്തുവന്നിട്ടുണ്ടെന്ന് ബിട്ടു പറഞ്ഞു. ‘വാരിസ് പഞ്ചാബ് ദേ’യുടെ നേതാക്കൾ ആസൂത്രണം ചെയ്തതായി പറയപ്പെടുന്ന ഈ ഗൂഢാലോചനയെ കേന്ദ്ര സർക്കാരും ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ബിട്ടു വ്യക്തമാക്കി.
നേരത്തെ ദിബ്രുഗഡ് ജയിലിൽ കഴിഞ്ഞിരുന്ന അമൃത്പാൽ സിങ്ങിന്റെ നിരവധി കൂട്ടാളികളെ ഇപ്പോൾ പഞ്ചാബിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഗൂഢാലോചനയിൽ അമൃത്പാലിന്റെ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സർക്കാരിനെ ആക്രമിച്ച കേന്ദ്രമന്ത്രി, രാഷ്‌ട്രീയ പ്രവർത്തകരായി വേഷംമാറിയ ക്രിമിനൽ ഘടകങ്ങളോട് സംസ്ഥാന സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചു. ‘വാരിസ് പഞ്ചാബ് ദേ’ പോലുള്ള സംഘടനകൾ പഞ്ചാബിനെ വീണ്ടും അസ്ഥിരതയിലേക്കും ഇരുട്ടിലേക്കും തള്ളിവിടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൂടാതെ പഞ്ചാബിലെ സമാധാനം തകർക്കാൻ ദേശവിരുദ്ധ ശക്തികളെ കേന്ദ്ര സർക്കാർ അനുവദിക്കില്ല. പഞ്ചാബിലെ സമാധാനത്തിനും ശാന്തതയ്‌ക്കും വേണ്ടിയാണ് എന്റെ മുത്തച്ഛൻ ജീവൻ ത്യജിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ രക്തസാക്ഷികളുടെ കുടുംബത്തിൽ നിന്നാണ് വരുന്നത്, അതിനാൽ തീവ്രവാദ ഭീഷണികളെ ഞാൻ ഭയപ്പെടില്ല. പഞ്ചാബിനെ വീണ്ടും ഇരുട്ടിലേക്ക് പോകാൻ ഞാൻ അനുവദിക്കില്ല. ഈ ഗൂഢാലോചനയ്‌ക്ക് പിന്നിൽ ആരായാലും അവരുടെ പ്രവൃത്തികൾക്ക് തീർച്ചയായും ശിക്ഷിക്കപ്പെടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: