ഒൻ്റാറിയോ : കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ല. ഏറ്റവും പുതിയ സംഭവത്തിൽ വാൻകൂവറിലെ ഒരു ചരിത്രപ്രസിദ്ധ ഗുരുദ്വാരയുടെയും ബ്രിട്ടീഷ് കൊളംബിയയിലെ ചില ക്ഷേത്രങ്ങളുടെയും ചുവരുകൾ ഖലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ കൊണ്ട് വികൃതമാക്കി. ഈ സംഭവം സിഖ്, ഹിന്ദു സമൂഹത്തിൽ രോഷമുണ്ടാക്കി.
വാൻകൂവറിലെ റോസ് സ്ട്രീറ്റ് ഗുരുദ്വാര എന്നറിയപ്പെടുന്ന ഖൽസ ദിവാൻ സൊസൈറ്റി ഗുരുദ്വാരയുടെ ചുവരുകളിൽ ഖലിസ്ഥാനി മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നതായി കണ്ടെത്തി. ഗുരുദ്വാരയുടെ വക്താവ് ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും പവിത്രമായ ഗുരുദ്വാരയുടെ മതിലുകൾ അശുദ്ധമാക്കുന്ന പ്രവൃത്തിയാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഖൽസ സജ്‌ന ദിവസ് ദിനത്തിൽ ഐക്യത്തിന്റെ പ്രതിജ്ഞ എടുക്കുന്ന സമയത്ത് വിഘടനവാദികളായ ഒരു കൂട്ടം സിഖുകാരുടെ പ്രവൃത്തിയാണിതെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സിഖുകാരെ ഭിന്നിപ്പിക്കാൻ തീവ്രശക്തികൾ ആഗ്രഹിക്കുന്നുവെന്നും ഇത് ഭയം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വക്താവ് പറഞ്ഞു. വൈവിധ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി തന്റെ മുതിർന്നവർ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും ഭിന്നത സൃഷ്ടിക്കാനുള്ള ഈ ശ്രമം വിജയിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഖാലിസ്ഥാൻ അനുയായികളെ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ അതേ ഗുരുദ്വാരയിൽ തന്നെ നാഗർ കീർത്തനവും ബൈശാഖി പരേഡും സംഘടിപ്പിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. അതിനുള്ള പ്രതികാരമായിരിക്കാം ഈ സംഭവം എന്ന് വിശ്വസിക്കപ്പെടുന്നു.
ഗുരുദ്വാരയ്‌ക്ക് പുറമേ സറേയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും ക്ഷേത്രങ്ങളെയും ഖാലിസ്ഥാനികൾ ലക്ഷ്യമിട്ടിട്ടുണ്ട്. ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ ഇവിടെയും എഴുതിയിരുന്നു. പ്രത്യേകിച്ച് ലക്ഷ്മിനാരായണ ക്ഷേത്രവും ലക്ഷ്യം വച്ചു. കാനഡയിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇടയിൽ ഐക്യം നിലനിർത്തുന്നതിൽ ലക്ഷ്മിനാരായണ ക്ഷേത്രം സജീവ പങ്കുവഹിക്കുന്നുണ്ടെന്നും അതിനാലാണ് ക്ഷേത്രം ലക്ഷ്യമിടുന്നതെന്നും ക്ഷേത്ര വക്താവ് പുരുഷോത്തം ഗോയൽ പറഞ്ഞു. ഇത് യാദൃശ്ചികമല്ലെന്നും ആസൂത്രിതമായാണ് നടക്കുന്നതെന്നും സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ആഴത്തിലുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കാനഡയിൽ 2023 ലും 2024 ലും നിരവധി ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. പക്ഷേ ഇതുവരെ ആ അക്രമികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ലക്ഷ്മിനാരായണ ക്ഷേത്രത്തിലും ഖാലിസ്ഥാനികൾ നേരത്തെ ബഹളം വച്ചിരുന്നു. ഈ പുതിയ സംഭവത്തിനു ശേഷം കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾ തടയണമെന്നുമുള്ള ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: