കൊച്ചി: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. ലഹരി മാഫിയാ ബന്ധം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായിട്ടാണ് വിവരം. പിടിച്ചെടുത്ത ഷൈന്‍ ടോം ചാക്കോയുടെ ഫോണും ശരീരസ്രവ സാമ്പിളുകളും ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ നിന്ന് തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയയ്‌ക്കും.
ശരീരസ്രവ സാമ്പിളുകളുടെ പരിശോധനാഫലം നിര്‍ണായകമാകും. അതിനിടെ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ആവശ്യപ്പെടുമ്പോള്‍ മതിയെന്ന് നടനെ പോലീസ് അറിയിച്ചിട്ടുണ്ട്. മൊഴികള്‍ വിശദമായി വിലയിരുത്തിയശേഷം മതി അടുത്ത നടപടിയെന്ന തീരുമാനത്തിലാണ് പോലീസ്. പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും അടുത്ത നടപടി.
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആലപ്പുഴയില്‍ അറസ്റ്റിലായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്ന കാര്യം നടന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തസ്ലിമയുടെ ഫോണ്‍ രേഖകളില്‍ നടന്‍ ഉള്‍പ്പെട്ടിരുന്നു. മയക്കുമരുന്ന് മാഫിയയിലെ വന്‍ കണ്ണിയായ സജീറിനെ തേടിയാണ് കഴിഞ്ഞ ബുധനാഴ്ച എറണാകുളത്തെ ഹോട്ടലില്‍ ഡാന്‍സാഫ് സംഘം എത്തിയത്.
ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സജീര്‍ കൊച്ചിയിലും സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്ന വിവരം ഏതാനും മാസം മുന്‍പ് തന്നെ എക്‌സൈസിനും പോലീസിനും ലഭിച്ചിരുന്നു. ഇയാള്‍ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെയടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധനക്ക് എത്തിയത്.
എന്നാല്‍ ഇയാളെ പിടികൂടാനായില്ല. ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ഷൈന്‍ ടോം ചാക്കോ അവിടെ 314-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞത്. സംശയം തോന്നിയ ഡാന്‍സാഫ് സംഘം സജീറുണ്ടോ എന്നറിയാന്‍ രാത്രി 10.15 ഓടെ ഷൈനിന്റെ മുറിയുടെ വാതിലിലെത്തി. എന്നാല്‍ ഒരു മണിക്കൂറോളം വിളിച്ചിട്ടും മുറി തുറക്കാന്‍ ഷൈന്‍ വിസമ്മതിച്ചു.
പിന്നീടാണ് ഷൈന്‍ ജനാല വഴി താഴേക്കു ചാടി രക്ഷപ്പെട്ടത്. മുറിയിലുണ്ടായിരുന്ന മേക്കപ്മാന്‍ മലപ്പുറം കല്‍പകഞ്ചേരി സ്വദേശി അഹമ്മദ് മുര്‍ഷിദ് മുറി തുറന്നപ്പോള്‍ ഡാന്‍സാഫ് സംഘം അകത്തുകടന്ന് പരിശോധന നടത്തി. മുര്‍ഷിദിനെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. ഷൈനും മുര്‍ഷിദും ലഹരി ഉപയോഗിച്ചു എന്നും ഡാന്‍സാഫ് സംഘം വന്നപ്പോള്‍ തെളിവു നശിപ്പിക്കാനായി ഷൈന്‍ ജനാല വഴി ചാടി രക്ഷപ്പെട്ടു എന്നുമാണ് എഫ്‌ഐആര്‍ പറയുന്നത്.
ലഹരിയുടെ ശൃംഖല സിനിമാ മേഖലയിലാകമാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട പല പ്രമുഖരും താമസിയാതെ കുടുങ്ങുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: