ഇരുപതാം നൂറ്റാണ്ടില്‍ കര്‍ണ്ണാടക സംഗീത ലോകം കണ്ട വിസ്മയ പ്രതിഭാസങ്ങളായിരുന്നു റ്റി.എന്‍, എം.എസ്.ജി, ലാല്‍ഗുഡി എന്നീ വയലിന്‍ മാന്ത്രികരുടെ ഉദയവും ഉയര്‍ച്ചയും. മനുഷ്യശബ്ദത്തെ ഏറ്റവും സ്വാഭാവികമായി അനുകരിയ്‌ക്കുന്ന ഉപകരണമെന്ന നിലയില്‍ ഗമകപ്രധാനമായ കര്‍ണ്ണാടക രാഗങ്ങള്‍ വിശദാംശങ്ങള്‍ ചോരാതെ അവതരിപ്പിക്കാനും പുനരാവിഷ്‌ക്കരിക്കാനും ഹാര്‍മോണിയത്തേക്കാള്‍ വിപുലമായ സാദ്ധ്യതകള്‍ വയലിനുണ്ടെന്ന തിരിച്ചറിവിന്റെ പൂര്‍ണ്ണത പൂത്തുലഞ്ഞത് ഈ മൂവരിലൂടെയാണ്.
തൃപ്പൂണിത്തുറ നാരായണയ്യര്‍ കൃഷ്ണന്‍ എന്ന റ്റി.എന്‍. കൃഷ്ണന്‍, എം.എസ്. ഗോപാലകൃഷ്ണന്‍ എന്ന എംഎസ്ജി, ലാല്‍ഗുഡി ജയരാമന്‍ എന്ന ലാല്‍ഗുഡി എന്നീ മൂന്നു പേരും വയലിന്‍ എന്ന സംഗീതോപകരണത്തിന്റെ സാദ്ധ്യതകള്‍ സ്വന്തവും വിഭിന്നവുമായ രീതികളില്‍ പരമാവധി ഉപയോഗിച്ചവരാണ്. വയലിനില്‍ മൂന്നു ബാണികള്‍ ഇവര്‍ ശക്തവും ജനപ്രിയവുമാക്കി.
പാരമ്പര്യത്തിന്റെ അച്ചടക്കവും അപ്രമാദിത്വവുമാണ് ലാല്‍ഗുഡിയുടെ മുഖമുദ്ര; ഹിന്ദുസ്ഥാനി രാഗാലാപനരീതികളോട് സാമ്യത പുലര്‍ത്തുന്ന ആലാപനശൈലി എംഎസ്ജിയെ പ്രത്യേകം അടയാളപ്പെടുത്തുന്നു; വശ്യമോഹനമായ ശ്രുതിശുദ്ധിയും ലളിതസുന്ദരമായ അവതരണരീതിയുമാണ് റ്റി.എന്‍. കൃഷ്ണനെ ശ്രദ്ധേയനാക്കുന്നത്.
മധുര മണി അയ്യരുടെ ‘മാ ജാനകി’ പ്രധാന കൃതിയായും സരസ സാമദാന, തത്വമറിയ തുടങ്ങിയ അദ്ദേഹത്തിന്റ്റെ സ്വന്തം കൈയൊപ്പിട്ട കൃതികളും ഉള്‍പ്പെടുത്തി പുറത്തിറക്കിയ പ്രസിദ്ധമായ എല്‍പി റെക്കോഡിന് മധുരതരം എന്നു മാത്രം വിശേഷിപ്പിക്കാവുന്ന വിധം വയലിനില്‍ അകമ്പടി സേവിച്ചത് റ്റി.എന്‍. കൃഷ്ണനാണ്. ‘സരസ സാമദാന’ത്തിന് മണി അയ്യര്‍ നിരവലില്‍ വരുത്തുന്ന ഓരോ വ്യതിയാനവും അതേ കാലപ്രമാണത്തില്‍ ഒപ്പുകടലാസ്സില്‍ എന്ന പോലെ കൃത്യമായി പകര്‍ന്നെടുക്കുന്ന ആ വയലിന്‍ വായന ഒരിയ്‌ക്കലെങ്കിലും കേട്ടവര്‍ ആജീവനാന്തം റ്റി.എന്‍. കൃഷ്ണന്‍ ആരാധകരായി മാറുമെന്നതിന് സംശയമേയില്ല. ‘മാ ജാനകി’യ്‌ക്ക് സ്വരപ്രസ്താരത്തില്‍ മണി അയ്യരുടെ ഓരോ നുണുങ്ങു സ്വരവ്യതിയാനം പോലും റ്റി.എന്‍. കൃഷ്ണന്റെ വയലിന്‍ തന്ത്രികളില്‍ സുഭദ്രമായി പുനര്‍ജ്ജനിക്കുന്നത് അത്ഭുതാദാരങ്ങളോടെ മാത്രമേ ആര്‍ക്കും കേള്‍ക്കാന്‍ കഴിയൂ ആവര്‍ത്തിച്ചുള്ള സാധനയുടെ സാദ്ധ്യതകള്‍ അനന്തവും അതിശക്തവുമാണെന്ന് മനസ്സിലാക്കി അത് പ്രവൃത്തിയില്‍ കൊണ്ടുവന്ന ‘ടാസ്‌ക് മാസ്റ്റര്‍’ -പരിശീലനപടു- ആയിരുന്നു റ്റി.എന്‍. കൃഷ്ണന്‍. ഒരേ സംഗതി നൂറോ ആയിരമോ പ്രാവശ്യം ആവര്‍ത്തിച്ചു പരിശീലിച്ചാല്‍ അതിന്റെ കെട്ടുറപ്പും അവതരണ ഭംഗിയും അത്ര കണ്ട് മികവേറും എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒരിക്കല്‍ കോഴിക്കോട്ട് ആകാശവാണി നിലയത്തില്‍ റിക്കോഡിങ്ങിനു വന്ന റ്റി.എന്‍. കൃഷ്ണനും പാലക്കാട് രഘുവും ചേര്‍ന്ന് ‘വിരിബോണി’ വര്‍ണ്ണം ആയിരം പ്രാവശ്യമെങ്കിലും വായിച്ചു പരിശീലിച്ചത് വളരെ നിസ്സാരമെന്ന പോലെ പറഞ്ഞു ചിരിച്ചത് മായാത്തൊരു ഓര്‍മ്മത്താരു തന്നെ!
1928 ഒക്‌ടോബര്‍ ആറിന് തൃപ്പൂണിത്തുറയില്‍ ജനിച്ച ഈ വയലിന്‍ മാന്ത്രികന്‍ പൂര്‍ണ്ണവും സംഗീത സാന്ദ്രവുമായ ജീവിതം പൂര്‍ത്തിയാക്കിയത് 92-ാം വയസ്സില്‍ 2020-ലാണ്. ശെമ്മാങ്കുടി സ്വാമിയെ പോലെ തന്നെ 20-ാം നൂറ്റാണ്ടിന്റെ സഹചാരിയും പ്രേഷ്ഠ സഹവയലിന്‍ വാദകനുമായിരുന്നു അദ്ദേഹം. തികച്ചും വ്യത്യസ്ത ശൈലികള്‍ പിന്‍തുടര്‍ന്നു പോന്ന ശെമ്മാങ്കുടിക്കും മധുര മണി അയ്യര്‍ക്കും എം.ഡി. രാമനാഥനും അകമ്പടി സേവിക്കാന്‍ ഏറെ നിഷ്ണാതനായിരുന്നു റ്റി.എന്‍.
1973-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും തേടിയെത്തിയ റ്റി.എന്‍. കൃഷ്ണന് സംഗീതകലാനിധി പട്ടം 1980-ല്‍ തന്നെ ലഭിച്ചിരുന്നു. ഏറെ വര്‍ഷങ്ങള്‍ ക്രിസ്തുമസ് ദിനത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന കച്ചേരി മാര്‍കഴി ഉത്സവത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഒന്നായിരുന്നു.
1980-കളുടെ തുടക്കത്തില്‍ റ്റി.എന്‍, പാലക്കാട് മണി അയ്യരോടൊപ്പം ചെന്നൈയില്‍ നടത്തിയ മൈക്കില്ലാ കച്ചേരി ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നായി സംഗീതചരിത്രത്തില്‍ കുറിക്കപ്പെട്ടിരിക്കുന്നു. രാഗ താള കൃതി വൈവിധ്യത്തിന്റെയും സാങ്കേതിക മികവിന്റെയും സംഗീത ഔചിത്യബോധത്തിന്റെയും ഉരകല്ലായി അത് പ്രകീര്‍ത്തിക്കപ്പെട്ടു
പോരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: