ഭാരതത്തിന്റെ പശ്ചിമതീരത്തുള്ള ചെറിയ സംസ്ഥാനമാണ് അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗോവ. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണല്ലോ. പോര്‍ച്ചുഗീസ് സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെ കാണാം. ക്രിസ്തുമതവും ഹിന്ദുമതവും ചേര്‍ന്നുള്ള സമൃദ്ധമായ പാരമ്പര്യങ്ങളും ഉത്സവങ്ങളും ഗോവയുടെ പ്രത്യേകതയാണ്.
ഗോവയിലെ ലൗ ടോളിവിലെ ഒരു സാംസ്‌ക്കാരിക പൈതൃക മ്യുസിയമാണ് ബിഗ് ഫുട്ട് മ്യുസിയം. ഗോവയുടെ ആചാരങ്ങള്‍, ചരിത്രം, കല, സംസ്‌ക്കാരം എന്നിവയെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു പ്രദര്‍ശനശാലയാണിത്.
മ്യുസിയത്തില്‍ ഗോവയുടെ സാധാരണ ഗ്രാമവാസികളുടെ ജീവിതരീതിയും പൈതൃക കച്ചവടങ്ങളും തൊഴില്‍ പാരമ്പര്യങ്ങളും സൂക്ഷ്മമായി വരച്ചുകാണിക്കുന്നു. ഗോവയിലെ പഴയ വീടുകള്‍, കച്ചവട സ്ഥലങ്ങള്‍, ഓലമെടയല്‍ എന്നീ പരമ്പരാഗത കാര്‍ഷിക തൊഴില്‍ സംവിധാനങ്ങള്‍, ക്ഷേത്രങ്ങള്‍, കരകൗശല ഉല്‍പ്പനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു വിശദീകരണവും നല്‍കുന്നു.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു സവിശേഷത ഇവിടുത്തെ മീരാബായ് ശില്‍പമാണ്. ലാറ്ററൈറ്റ് കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ശില്‍പം എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പി
ടിച്ചിട്ടുണ്ട്.
വളരെ പണ്ട് മഹാദര്‍ എന്ന ദയാലുവും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിരുന്ന ഒരു ധനികന്‍ ഉണ്ടായിരുന്നു. അത്യാഗ്രഹികളായ അയല്‍ക്കാര്‍ എപ്പോഴും ധനം ചോദിച്ചുകൊണ്ടേയിരുന്നു. അവസാനം എല്ലാം നഷ്ടപ്പെട്ട മഹാദര്‍ ദരിദ്രനായിത്തീര്‍ന്നു. എല്ലാം നഷ്ടപ്പെട്ട മഹാദര്‍ ഈശ്വരനാമം ജപിക്കാന്‍ തുടങ്ങി. തികഞ്ഞ ഈശ്വര ഭക്തനായിരുന്ന മഹാദറിന്റെ ഭക്തിയില്‍ സംപ്രീതനായി ഭഗവാന്‍ ഒരു വരം അനുവദിച്ചു. മഹാദര്‍ ആവശ്യപ്പെട്ടത് തനിക്ക് പ്രാര്‍ത്ഥിക്കാനായി ഒരു സ്ഥലമാണ്. വിശാലമായ ഒരു പാറ അതിനായി അനുവദിച്ചു. അവിടെ മഹാദര്‍ ഒറ്റക്കാലില്‍ നിന്ന് പ്രാര്‍ത്ഥന തുടങ്ങി. ഈ അചഞ്ചല ഭക്തികണ്ട് ഈശ്വരന്‍ ഭഗവദ്പാദങ്ങളിലേക്ക് കൊണ്ടുപോയി എന്നാണ് വിശ്വാസം. മഹാദര്‍ ഒറ്റക്കാലില്‍ നിന്ന പാറയില്‍ മഹാദറിന്റെ കാല്‍പ്പാദം പദിഞ്ഞു. അതാണ് ‘ബിഗ് ഫുട്ട്’ എന്ന പേരിന്റെ പുറകിലുള്ള ഐതിഹ്യം. ശുദ്ധമായ മനസ്സോടെ ഇവിടെ വന്ന് ആര് പ്രാര്‍ത്ഥിച്ചാലും ആഗ്രഹം സഫലമാകും എന്ന വിശ്വാസം നിലനില്‍ക്കുന്നു.
പ്രശസ്തനായ ശില്‍പ്പി മേന്ദ്ര അല്‍വാരസാണ് ഈ മ്യൂസിയം നടത്തുന്നത്. നൂറ് വര്‍ഷം മുമ്പുള്ള ഗോവയുടെ ഗ്രാമീണ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു ചെറിയ ഗോവന്‍ ഗ്രാമമാണ് ഈ മ്യൂസിയത്തിന്റെ ആശയം.
കരകൗശല വിദഗ്ദര്‍, കര്‍ഷകര്‍, സംഗീതജ്ഞര്‍, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് വിഭാഗങ്ങള്‍ എന്നിവരുള്‍പ്പെടെ ഗോവന്‍ ഗ്രാമീണ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ ചിത്രീകരിക്കുന്ന ജീവിത വലുപ്പത്തിലുള്ള ധാരാളം ശില്‍പ്പങ്ങളും ഇവിടെ ഉണ്ട്.
ഒരു മ്യൂസിയമായി വര്‍ത്തിക്കുന്ന പരമ്പരാഗത ശൈലിയിലുള്ള ഗോവന്‍ ഗ്രാമീണ ഭവനവും മ്യുസിയത്തിന്റെ ഭാഗമായിട്ടുണ്ട്. പരമ്പരാഗത ഇന്തോ- പോര്‍ച്ചുഗീസ് വീടിന്റെ ഒരു പകര്‍പ്പാണ് ഈ വീട്. പുരാതന ഫര്‍ണിച്ചറുകള്‍, പരമ്പരാഗത വീട്ടുപകരണങ്ങള്‍, പുരാവസ്തുക്കള്‍ എന്നിവയാല്‍ ഈ വീട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു.
ഗോവയിലെ അനന്തമായ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ മടുപ്പ് തോന്നുമ്പോള്‍ ഈ മ്യൂസിയവും സഞ്ചാരികള്‍ക്ക് ഒരുപാട് ഇഷ്ടമാകും എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: