തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി. അലമുറയിടുന്ന കടല്‍ത്തിരമാലകള്‍ക്ക് നടുവില്‍ ധ്യാനിക്കാന്‍ സ്വാമി വിവേകാനന്ദന് കഴിയും. അതുപോലെ എത്ര തിരക്കിലും പെട്ടെന്ന് പെട്ടെന്ന് പാട്ടുകളെഴുതാന്‍ ഗിരീഷ് പുത്തഞ്ചേരിക്ക് കഴിയുമെന്നും വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ ശരത് ചന്ദ്രവര്‍മ്മ.
“ഒരിയ്‌ക്കല്‍ ലോഹിതദാസ് സാര്‍ ചീത്തവിളിച്ചതിനെ തുടര്‍ന്ന് ഞാന്‍ പിണങ്ങിപ്പോയിട്ടുണ്ട്. പാട്ടെഴുതാനായി ലോഹിതദാസ് സാറിന് അരികില്‍ എത്തിയപ്പോഴേ അദ്ദേഹം പറഞ്ഞു. ഗിരീഷുമായി (ഗിരീഷ് പുത്തഞ്ചേരി) ഇരിക്കുമ്പോള്‍ ഞാന്‍ അവനെ വഴക്കുപറയും. അങ്ങിനെ ചെയ്താല്‍ അവന്‍ മത്സരബുദ്ധിയോടെ കൂടുതല്‍ നല്ല വരികള്‍ എഴുതും.അങ്ങിനെ വന്നാല്‍ എന്റെ കയ്യില്‍ നിന്നും അക്ഷരം പോലും കിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു.”- ലോഹിതദാസുമായി ഉണ്ടായ അനുഭവം വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പങ്കുവെച്ചു. “അന്ന് ഷൊര്‍ണൂരില്‍ വെച്ചായിരുന്നു.ഷൂട്ടിംഗ്. ലോഹിസാറുമായി വഴക്കുകൂടിയതുകൊണ്ട് പാട്ടെഴുതാതെ തിരിച്ചുപോന്നു.”- പിറക്കാതെ പോയ ഗാനത്തെക്കുറിച്ചുള്ള സങ്കടത്തോടെ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പറയുന്നു.
ക്ലാസ് മേറ്റ്സിലെ മൂന്ന് പാട്ടുകള്‍ ഒരൊറ്റ ദിവസം കൊണ്ട് എഴുതിയതാണെന്നും ചില സമയങ്ങളില്‍ പൊടുന്നനെ വരികള്‍ എത്തുമെന്നും അദ്ദേഹം പറയുന്നു. അതിലെ ഒരു ഗാനം കാമ്പസിലെ സാഹചര്യത്തെ തന്നെയാണ് പറയുന്നത്. “കാറ്റാടിത്തണലും തണലത്തരമതിലും മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും” എന്ന് എഴുതുമ്പോള്‍ താന്‍ അറിഞ്ഞ കാമ്പസിന്റെ ചിത്രമാണ് പുറത്തുകൊണ്ടുവന്നത്. “എല്ലാ കാമ്പസുകളിലും അരമതിലുകളുണ്ട്. ഞാന്‍ പഠിച്ച മാര്‍ ഇവാനിയോസില്‍ അരമതിലുണ്ട്. ഈ അരമതില്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ഇടവുമാണ്. പണ്ട് വോട്ട് പിടിക്കാന്‍ എല്ലാ കാമ്പസുകളിലും ഞാന്‍ പോയിട്ടുണ്ട്. അവിടെയെല്ലാം കാറ്റാടി മരം കണ്ടിട്ടുണ്ട്. കേരളത്തിലെ കാമ്പസുകളുടെ മരമാണ് കാറ്റാടിമരം.ഇതെല്ലാം ആ പാട്ടില്‍ ആവാഹിച്ചിട്ടുണ്ട്. ” – അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: