തിരുവനന്തപുരം: നേതാവാകുക അല്ല മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരെ സൃഷ്ടിക്കാനാണ് താന്‍ എത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപി ജില്ലാ ഓഫീസുകള്‍ ജനങ്ങള്‍ക്ക് വേണ്ടി ഹെല്‍പ്പ് ഡെസ്‌കായി പ്രവര്‍ത്തിക്കും. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനുള്ള സ്ഥലമാണ് അവയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യവെ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കേരളത്തില്‍ മാറ്റം വരണമെങ്കില്‍ ബിജെപി- എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരണം. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇനി നടക്കുകയന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരാണ് ഭാവിയില്‍ എംഎല്‍എയും എംപിയും ആകുന്നത്. നേതാവാകണമെങ്കില്‍ ജന മനസില്‍ സ്ഥാനം നേടി തിരഞ്ഞെടുപ്പില്‍ വിജയിക്കണം.
ബിജെപിയില്‍ എംഎല്‍എയോ എംപിയോ ആകണമെങ്കില്‍ ജനങ്ങളുടെ അംഗീകാരമാണ് മാനദണ്ഡം. ആരാണ് അര്‍ഹതപ്പെട്ട നേതാവ് എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരു പോലെയാണ്. അവര്‍ രണ്ടുപേരും ഒരേപോലെ ജനമനസില്‍ വിഷം നിറയ്‌ക്കുന്നു ബിജെപി എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണന്നും അദ്ദേഹം പറഞ്ഞു.
മേയ് രണ്ടിനി വിഴിഞ്ഞത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം ഒരുക്കണം. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം സൗത്തില്‍ മികച്ച വിജയം ഉറപ്പാക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: