കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2026 മെയ് മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. 2026 ജനുവരിയില്‍ കമ്മീഷന്‍ ചെയ്യുന്ന തരത്തില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയായിരുന്നു. എന്നാല്‍ പ്രധാന കെട്ടിടത്തിന്റെ രണ്ടാം ഘട്ടം നിര്‍മാണത്തിനു വേണ്ടിയുള്ള പരിശോധനയില്‍ മണ്ണിന്റെ ഘടനയില്‍ കണ്ടെത്തിയിട്ടുള്ള വ്യത്യാസവും നിലവിലെ ഓഫീസുകളും യാത്രക്കാര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങളും മാറ്റി സ്ഥാപിക്കുന്നതിനുണ്ടായ കാലതാമസവും മൂലമാണ് മൂന്നു മാസക്കാലം അധികമായി ആവശ്യപ്പെടുന്നതെന്നും അധികൃതര്‍ അറിയിച്ചു.
നിര്‍മാണ പ്രവൃത്തികള്‍ നിലവിലെ ആസൂത്രണം അനുസരിച്ചു തന്നെ ധ്രുതഗതിയില്‍ പുരോഗമിച്ചുവരികയാണ്. എസ്എസ്‌സി വര്‍ക്ക്‌സ് ബില്‍ഡിംഗ്, ഗ്യാങ് റസ്റ്റ് റൂം, സര്‍വ്വീസ് ബില്‍ഡിംഗ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി റെയില്‍വേ ഡിവിഷന് കൈമാറിയിട്ടുണ്ട്. സബ് സ്റ്റേഷന്‍ കെട്ടിടം, എംഎല്‍സിപി ഫെയ്‌സ്-1, പാര്‍സല്‍ ബില്‍ഡിംഗ്, ബ്ലോക്ക് എ യിലെ നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിച്ചു. അന്തിമ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. നിലവില്‍ റെയില്‍വേ മേല്‍പാലത്തിനുള്ള കോണ്‍ക്രീറ്റ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഫാബ്രിക്കേഷന്‍ പുരോഗമിച്ചു വരുന്നു.
എയര്‍ കോണ്‍കോസിന്റെ ഒന്നാം പ്ലാറ്റ്‌ഫോമിലൊഴികെയുള്ള നിര്‍മാണങ്ങളും ഒന്നാം പ്ലാറ്റ്‌ഫോമിലുള്ള ഗിര്‍ഡറുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നോര്‍ത്ത് ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ അടിസ്ഥാനം പൂര്‍ത്തീകരിച്ചു. മറ്റു നിര്‍മാണ പ്രവൃത്തികള്‍ ആസൂത്രണം ചെയ്ത പ്രകാരം തന്നെ പുരോഗമിച്ചുവരികയാണ്. യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരമാവധി കുറച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും ഒരുക്കിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: