തിരുവനന്തപുരം:മാതൃഭാഷയിലെ ഉന്നതവിഭ്യാസം വിദ്യാര്‍ത്ഥികളെ കൂടുതല്‍ കരുത്തരാക്കുമെന്ന് നാഷണല്‍ അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍(എന്‍എസിസി-നാക്)ചെയര്‍മാന്‍ ഡോ.അനില്‍ സഹസ്രബുദ്ധേ. ഓരോ കുട്ടിയുടെയും കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ‘വികസിത ഭാരതത്തിനായി മാനസിക ഉന്നതിയും വിദ്യാഭ്യാസ ശ്രേഷ്ഠതയും’ എന്നവിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ കുട്ടിയിലും പ്രത്യേക കഴിവുകളുണ്ട്. അത് കണ്ടെത്തുന്നതിലും വികസിപ്പിക്കുന്നതിലും അധ്യാപകര്‍ പരാജയപ്പെടുന്നു. കുട്ടിയിലെ കഴിവുകള്‍ കണ്ടെത്തി എങ്ങനെ പരിപോഷിപ്പിക്കാമെന്നാണ് പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്നത്. അതിനായി അധ്യാപകര്‍ കൂടുതല്‍ ശക്തരാകണം. ഉയര്‍ന്ന വിദ്യാഭ്യാസത്തിനുമപ്പുറം കുട്ടികളെ വ്യക്തിപരമായ വികാസത്തിലേക്ക് നയിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. കുട്ടികള്‍ക്ക് നിരീക്ഷണ പാഠവമുള്ളതിനാല്‍ അധ്യാപകര്‍ മാതൃകാപുരഷന്മാരകാണം. സമൂഹത്തിന്റെ സ്പന്ദനം കൂടി അറിയുന്നവരാകണം.
പ്രകൃതിയെയും ഭാഷയെയും രാജ്യത്തെയും സംസ്‌കൃതിയെയും അറിഞ്ഞുള്ള പഠനമാണ് വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്നത്.സമൂഹത്തിലെ നാനാതുറകളിലെയും പ്രവീണ്യമുള്ളവരുടെ അറിവുകള്‍ കുട്ടികള്‍ക്ക് മുന്നിലെത്തും. പ്രാഥമിക വിദ്യാഭ്യാസത്തിലെ മൂന്നുമുതല്‍ എട്ടുവയസുവരെയുള്ള കാലഘട്ടത്തെ പഠനത്തില്‍ മാതൃഭാഷ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ചുഭാഷയയെങ്കിലും പരിശീലിക്കണം. നിലവിലുള്ള ഭാഷാ പഠന രീതിക്കും അപ്പുറം കുടുംബത്തില്‍ നിന്നും മാതൃഭാഷ പഠിക്കുന്ന പോലെ കളികളിലൂടെയും കഥകളിലൂടെയും വേണം ഭാഷകളെ സ്വായത്തമാക്കാന്‍. അതിനുശേഷം എട്ടുവയസുമുതല്‍ വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും ആരംഭിക്കും. തൊഴില്‍ പഠിനത്തിലൂടെ ഓരോ തൊഴിലും മഹത്തരമാണെന്ന ചിന്തയുണ്ടാകും. തൊഴിലാളികളോടുള്ള മനോഭാവത്തിലും മാറ്റമുണ്ടാകും. ഒപ്പം അവരുടെ കഴിവുകള്‍ ഏത് മേഖലയിലേക്കാണെന്ന് കുട്ടിക്കും അധ്യാപകനും ബോധ്യമാകും. ഒമ്പത് മുതല്‍ 12വരെ ക്ലാസുകളില്‍ വിവിധ വിഷയങ്ങളുടെ കോമ്പിനേഷന്‍ പഠനത്തിലൂടെയും ആപ്ടിട്യൂട് ടെസ്റ്റിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏത് മേഖലയിലേക്ക് പോകണമെന്നത് വിദ്യാര്‍ത്ഥിക്കും അധ്യാപകനും തിരിച്ചറിയാനാകും.
നിലവില്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിന്നും മാതൃഭാഷയലുള്ള പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് എത്തുമ്പോള്‍ ഇംഗ്ലീഷിലുള്ള പഠനം കുട്ടികളെ സാരമായി ബാധിക്കുന്നുണ്ട്. അറിവുണ്ടെങ്കിലും പ്രകടിപ്പിക്കാനാകാതെ വരുന്നു. അതിന് പരിഹാരമായാണ് ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലേക്ക് മാറുന്നത്. ഇതിലൂടെ കുട്ടിക്ക് വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ഊന്നാനാകും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്ന മാറ്റത്തിലൂടെ എവിടെ നിന്നും അറിവ് നേടാനുള്ള വലിയ സാധ്യതയാണ് തുറക്കുന്നത്. കുടംബത്തിലെ പലകാരണങ്ങള്‍ കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കാനാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമകളിലൂടെ പഠനം നടത്താം. ഏത് മേഖലയിലെ പഠനത്തിന്റെയും ക്രഡിറ്റ് സ്‌കോര്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറ്റാനും പഠനം തുടരാനും സാധിക്കും. പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുന്ന ചോദ്യങ്ങള്‍ക്ക് പകരം ടെക്‌സറ്റ് ബുക്കുകളുടെ സഹായത്തോടെയുള്ള പരീക്ഷാ രീതിയും സ്ഥിരം ഉത്തരരീതിക്കുപകരം സ്വയം പര്യവേഷണം ചെയ്തുള്ള ഉത്തരങ്ങളും വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രാപ്തരാക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളും അധ്യാപകരും സ്വയം സ്വാംശീകരണത്തിന് തയ്യാറാകണമെന്നും അനില്‍ സഹസ്രബുദ്ധേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: