ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും യുഎഇ വഴി യൂറോപ്പിലേക്ക് ഇടനാഴി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനയ്‌ക്കായി ഏപ്രില്‍ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദര്‍ശിക്കും.ഈ പദ്ധതി നടപ്പാക്കുന്നതിന് സൗദി അറേബ്യയുമായി തന്ത്രപ്രധാന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഈ കൂടിയാലോചനായോഗം.
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയിലെ ഏറ്റവും സുപ്രധാനമായ ഒരു ഭാഗമാണ് സൗദി അറേബ്യവഴി നടപ്പാക്കുക. സൗദിയിലൂടെ റെയില്‍ റോഡ് എന്ന നിലയ്‌ക്കായിരിക്കും ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി കടന്നുപോവുക. 2023 സെപ്തംബറില്‍ ഈ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ഇതിനാവശ്യമായ ഊര്‍ജ്ജിത നടപടി അതിന് ശേഷം ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി മോദിയുടെ സൗദി സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചാവിഷയമായേക്കും.
സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. ഇതിനിടെ സൗദിയുമായി ഊര്‍ജ്ജക്കരാറും സൗദിയുടെ ഇന്ത്യയിലെ ബിസിനസ് നിക്ഷേപസാധ്യതകളും കൂടി ചര്‍ച്ചാവിഷയമാകും.
ചൈനയെ കിഴക്കന്‍ ഏഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന റെയില്‍-റോഡ് ഇടനാഴി ചൈനയുടെ സാമ്പത്തിക ശക്തിക്ക് കരുത്തേകുന്ന പദ്ധതിയാണ്. ഇതിന് ബദലായാണ് ഇന്ത്യ യൂറോപ്പുമായി ഗള്‍ഫ് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന റെയില്‍ റോഡ് പദ്ധതി സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളായ കണ്ട്ല, മുന്ദ്ര തുറമുഖങ്ങളെ ഈ പദ്ധതിയുടെ ഭാഗമായി യുഎഇയിലെ ഫുജിറ, ഖലിഫ തുറമുഖങ്ങളുമായും സൗദിയിലെ തുറമുഖങ്ങളായ ദമാം റാസല്‍ അല്‍ ഖയിറുമായും ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. റെഡ് സീ (ചെങ്കടല്‍), സോയൂസ് കനാല്‍ എന്നിവയിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് ആക്കം കൂട്ടുന്നതും സഹായകരവും ആണ് ഈ ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി. ചൈനയെ ഒഴിവാക്കിക്കൊണ്ടുള്ള ആഗോള ചരക്ക് നീക്കത്തിന് ഏറെ സഹായകരമായിരിക്കും ഈ സാമ്പത്തിക ഇടനാഴി.
യുഎസ് ഇറാനുമായും സൗദി രാജാവുമായും സമാധാനചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിവരികയാണ്. ഇത് പ്രാദേശിക സുസ്ഥിരതയ്‌ക്ക് കൂടി സഹായകരമാവും. നേരത്തെ സൗദിയും ഖത്തറും കുവൈത്തും ഈ സമാധാനചര്‍ച്ചകളോട് പുറംതിരിഞ്ഞ് നിന്ന രാജ്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: