ലഖ്നൗ : ഉത്തർപ്രദേശിലെ വഖഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നതിന്റെ ഗുരുതരമായ അവസ്ഥ തുറന്നുകാട്ടി ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ. സർക്കാരിന്റെ നിർദ്ദേശപ്രകാരം, ജില്ലാ മജിസ്‌ട്രേറ്റുകൾ സംസ്ഥാനത്തുടനീളമുള്ള വഖഫ് സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിയാൻ കഴിഞ്ഞത്.
ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 2528 വഖഫ് സ്വത്തുക്കളിൽ 761-ലധികം സ്വത്തുക്കൾ മതപരമോ വിദ്യാഭ്യാസപരമോ ആയ ആവശ്യങ്ങൾക്കോ ശ്മശാനങ്ങൾക്കോ ഉപയോഗിക്കേണ്ടതിന് പകരം വീടുകൾ, കടകൾ, മറ്റ് ആവശ്യങ്ങൾ എന്നിവയ്‌ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. കൂടാതെ പല ജില്ലകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ചന്ദൗലിയിൽ 15ഉം മുസാഫർനഗറിലെ 4ഉം ബരാബങ്കി, ഹമീർപൂർ, ഝാൻസി, കാസ്ഗഞ്ച്, ലഖിംപൂർ ഖേരി, സിദ്ധാർഥ് നഗർ എന്നിവിടങ്ങളിലെ ഓരോ വസ്തുവും വഖഫായി പ്രഖ്യാപിച്ച കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്.
അംബേദ്കർ നഗറിൽ 15 സ്വത്തുക്കളുടെ ഉപയോഗം ശരിയാണെങ്കിൽ 15 എണ്ണം ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തി. അമേഠിയിൽ ആറ് എണ്ണം ശരിയായി ഉപയോഗിക്കുന്നു എന്നാൽ ആറ് എണ്ണം ശരിയായ രീതിയിൽ അല്ല പ്രവർത്തിപ്പിക്കുന്നത്. ഇറ്റാവയിൽ 11 എണ്ണം ശരിയായി ഉപയോഗിക്കുന്നു എന്നാൽ 11 എണ്ണം തെറ്റാണ്. ഗൗതം ബുദ്ധ നഗറിൽ ഒന്നും ഹാമിർപൂരിൽ നാലെണ്ണവും ശരിയായി ഉപയോഗിക്കുന്നു, ഒന്ന് തെറ്റാണ്. അമ്രോഹയിൽ അഞ്ചെണ്ണം ശരിയാണെന്നും ഒന്ന് തെറ്റാണെന്നും കണ്ടെത്തി.
ബാഗ്പത്തിൽ 44 എണ്ണം ശരിയാണെന്നും നാലെണ്ണം തെറ്റാണെന്നും കണ്ടെത്തി. ബരാബങ്കിയിലെ 21 പ്രോപ്പർട്ടികളിൽ മൂന്നെണ്ണവും ഝാൻസിയിലെ 20 പ്രോപ്പർട്ടികളിൽ ഒന്നും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി.
ഇതുകൂടാതെ മുസാഫർനഗർ, സഹറൻപൂർ, ആഗ്ര, ബസ്തി, ഉന്നാവോ, ലഖിംപൂർ ഖേരി, പിലിഭിത് എന്നിവിടങ്ങളിലും വഖഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്തതായി പരാതികൾ വേറെ ലഭിച്ചിട്ടുണ്ട്.
അതേ സമയം സർക്കാർ ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും വഖഫ് സ്വത്തുക്കളുടെ ശരിയായ ഉപയോഗം ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സർക്കാരിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വഖഫ് സ്വത്തുക്കളുടെ യഥാർത്ഥ ഉദ്ദേശ്യം പുനഃസ്ഥാപിക്കുന്നതിനായി ഈ ക്രമക്കേടുകൾ ഇല്ലാതാക്കുന്നതിന് കൃത്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: